മസ്കത്ത്: തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാർ ഇല്ലെന്ന് തുർക്കിയയിലെ ഒമാൻ എംബസിയുടെ ചുമതലയുള്ള കൗൺസിലർ ഇബ്രാഹിം ബിൻ സുലൈമാൻ പറഞ്ഞു. തുർക്കിയയിലുണ്ടായിരുന്ന നിരവധി പേരെ തുടക്കത്തിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അവരെ ഇപ്പോൾ ഫോണിൽ ലഭ്യമാണ്. തുർക്കിയ പൗരനെ വിവാഹം കഴിച്ച് ഇസ്കെൻഡറുൺ മേഖലയിൽ താമസിക്കുന്ന ഒമാനി യുവതി സുരക്ഷിതയാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
ഏത് സഹായത്തിനോ അന്വേഷണത്തിനോ എംബസിയുടെ 90 (539) 934 63 64, 90 (539) 934 63 66, 90 (312) 4910940, 90 (312) 499094 312) 4910944 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
സിറിയ, തുർക്കിയ, സൈപ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ച ഭൂകമ്പത്തിൽ ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാർ അൽ അസദിനും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചന സന്ദേശങ്ങളും അയച്ചു.തെക്കു കിഴക്കൻ തുർക്കിയ-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മൂവായിരത്തിലേറെ പേരാണ് മരിച്ചത്.
മസ്കത്ത്: ഭൂകമ്പത്തെ തുടർന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദ്ദുഗാൻ, സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാർ അൽ അസദ് എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിച്ചു. ആത്മാർഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഒമാന്റെ ഐക്യദാർഢ്യം അറിയിച്ച സുൽത്താൻ, പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.