മസ്കത്ത്: ഭൂകമ്പത്തിൽ വിറങ്ങലിച്ച മൊറോക്കോക്ക് സഹായഹസ്തവുമായി ഒമാൻ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാസംഘത്തെയും ആരോഗ്യ പ്രവര്‍ത്തകരെയും അയക്കും. ഇതുസംബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലും പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് ഒമാൻ വഹിക്കുന്ന മാനുഷിക പങ്കിന്റെയും അടിസ്ഥാനത്തിലാണ് രാജകീയ നീക്കം. തുര്‍ക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിലും സുല്‍ത്താന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുരക്ഷാസേനയെ അയക്കുകയും അവശ്യസാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ 2000ത്തിലേറെ പേരാണ് മരിച്ചത്. 1500ഓളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11.11നുണ്ടായ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നു. ചരിത്രനഗരമായ മറാക്കഷിലെ ചില ഭാഗങ്ങൾക്ക് കേടുപാട് പറ്റിയെന്നും റിപ്പോർട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. നഗര പുനർനിർമാണത്തിന് വർഷങ്ങളെടുക്കുമെന്ന് റെഡ് ക്രോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.