മസ്കത്ത്: ഭൂകമ്പത്തിൽ നാശംവിതച്ച തുർക്കിയയിലെ പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായവുമായി ഒമാൻ. അവശ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി വിമാനങ്ങൾ കഴിഞ്ഞ ദിവസം തുർക്കിയയിലേക്കു പുറപ്പെട്ടു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സഹായഹസ്തങ്ങൾ തുടരുന്നത്. ഒമാൻ റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്.
തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൽനിന്നുള്ള സേനയും പങ്കെടുക്കുന്നുണ്ട്. തുർക്കിയയിൽ ഭൂകമ്പം നടന്ന ഉടൻതന്നെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി ആശയവിനിമയം നടത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണസജ്ജമാണെന്ന് അറിയിക്കുകയായിരുന്നു. ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.
]കഴിഞ്ഞ ദിവസം അവശ്യവസ്തുക്കളുമായി സിറിയൻ മണ്ണിലേക്കും ഒമാനിൽനിന്ന് വിമാനങ്ങൾ പറന്നിരുന്നു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കാനുള്ള തുർക്കിയ, സിറിയ രാജ്യങ്ങളുടെ നടപടികൾക്ക് ഒമാന്റെ പൂർണ പിന്തുണ സുൽത്താൻ അറിയിച്ചിട്ടുണ്ട്. ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷന്റെ (ഒ.സി.ഒ) സംഭാവന കാമ്പയിനും പുരോഗമിക്കുകയാണ്. ഇതിനകം സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് ദുരന്തഭൂമിയിലെ കണ്ണീരൊപ്പാൻ സംഭാവന നൽകിയിരിക്കുന്നത്. അടിയന്തരമായി രണ്ടു ലക്ഷം റിയാൽ സ്വരൂപിക്കാനാണ് അധികൃതർ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.