മസ്കത്ത്: ഒരു മാസക്കാലത്തെ ത്യാഗപൂർണമായ ജീവിതവഴികൾ താണ്ടി വിശ്വാസികൾ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. പാപക്കറകൾ കഴുകി വെളുപ്പിച്ച് സ്ഫടിക സമാന മനസ്സുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.ഒട്ടിയ വയറും വറ്റി വരണ്ട തൊണ്ടയും ഉണങ്ങിയ ചുണ്ടുമായി അവർ ഒരു മാസം പകലന്തിയിലെത്തിക്കുകയായിരുന്നു.
കത്തിക്കാളുന്ന ചൂടും വിയർത്തൊലിക്കുന്ന ശരീരവും വകവെക്കാതെ ദേഹേച്ഛകളെ ദൈവത്തിന് സമർപ്പിച്ച പകലുകളായിരുന്നു അത്. കൈയെത്തും ദൂരത്ത് ഭക്ഷണവും പാനീയങ്ങളുമുണ്ടായിട്ടും മനസ്സെത്തും ദൂരത്ത് അരുതായ്മകൾ ഉണ്ടായിട്ടും അതെല്ലാം വലിച്ചെറിഞ്ഞ് ദൈവത്തിന് സ്വയം സമർപ്പിച്ച പകലുകളായിരുന്നു അത്.
പകൽ നോമ്പ് സമ്പാദ്യമായി നൽകിയ കടുത്ത ക്ഷീണവും പ്രയാസങ്ങളും മറന്ന് കാൽ കുഴയുന്നത് വരെ രാത്രിയിൽ നിന്ന് നമസ്കരിച്ചവരാണിന്ന് പെരുന്നാൾ പുടവ അണിയുന്നത്. രാവുറക്കത്തിൽ നിന്നുണർന്ന് നാഥനോട് ഉള്ളുരുകി പ്രാർഥിച്ചും ദൈവത്തിൽ അലഞ്ഞും ആത്മസായൂജ്യം നേടിയവരാണ് ഇന്ന് ഈദ് മുസല്ലയിലെത്തുന്നത്. റമദാനിന്റെ അറുതി ദാനമായ ഫിത്ർ സകാത് മറ്റൊരു മഹാത്ഭുതമാണ്.
ലോകത്ത് ഉള്ളവനും ഇല്ലാത്തവനും അങ്ങനെ സമൂഹത്തിലെ എല്ലാവരും നൽകുന്ന സകാത്താണത്. ലോകത്ത് മറ്റേത് മതത്തിലോ സംസ്കാരത്തിലോ ഇതിന് സമാനതയുള്ള ദാനമുണ്ടാവില്ല. എല്ലാവരെയും ദാനം നൽകാൻ പഠിപ്പിക്കുന്നതാണ് പെരുന്നാൾ സകാത്.
ഒട്ടേറ അനുഗ്രഹ മുഹൂർത്തങ്ങൾ താണ്ടിയാണ് വിശ്വാസികൾ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിലും ഈദ് ഗാഹുകളിലും എത്തുന്നത്. സത്യവിശ്വാസികൾക്ക് അവിശ്വസനീയ വിജയം നൽകിയ ബദറിനെ അവർ സ്മരിച്ചിരുന്നു. പുണ്യങ്ങൾ പൂത്തുലയുന്ന അവസാന പത്തിൽ അവർ ദൈവസാമീപ്യത്തിലായിരുന്നു. മലക്കായിരങ്ങളും ജിബ്രീലും മണ്ണിലിറങ്ങുന്ന ആയിരം മാസങ്ങളെക്കാൾ പുണ്യങ്ങൾ നിറഞ്ഞ ലൈത്തുൽ ഖദ്ർ എന്ന പുണ്യരാവിൽ അവർ ഉറക്കമിളച്ച് പ്രർഥിച്ചിരുന്നു.റമദാൻ ഒരു പാഠശാലയായിരുന്നു. അരുതായ്മകളും കൊള്ളരുതായ്മകളും നിറഞ്ഞ ലോകത്തുനിന്ന് മനുഷ്യകുലത്തെ സുകൃതത്തിലേക്ക് ആനയിക്കാൻ കെൽപ് നൽകുന്ന പരിശീലനശാല. കെട്ട ലോകത്ത് മനുഷ്യനിൽ നന്മ പൂക്കളുടെ പരിമളം പരത്താൻ കെൽപ്പാവുന്ന മാസം. ഈ മാസം നൽകിയ ആത്മീയ കരുത്താണ് വരും കാലങ്ങളിൽ നമുക്ക് പാഥേയമാവുക.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിക്കുക. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽ നിന്നെത്തിയ പണ്ഡിതന്മാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്കാരത്തിനു ശേഷം ആശംസകൾ കൈമാറിയും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വീടുകളിലേക്ക് മടങ്ങുക.
പെരുന്നാൾ ഒരുക്കത്തിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പുതന്നെ ഷോപ്പിങ് മാളുകർ, സൂഖുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പെരുന്നാളിന് മുന്നോടിയായുള്ള അവധികൂടി കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ തിരക്ക് പതിൻമടങ്ങ് വർധിച്ചതായി കച്ചവടക്കാരും മറ്റും പറയുന്നു.
പുത്തൻ വസ്ത്രങ്ങൾ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങാനുമൊക്കെയാണ് ആളുകൾ സൂഖിലും ഹൈപ്പർ മാർക്കറ്റുകളിലും മറ്റും സന്ദർശിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി ഓഫറുകളും മറ്റ് ആനൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈദുൽ ഫിത്ർ വേളയിൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.