മസ്കത്ത്: ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് ദേശീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ പരിശോധനയുമായി വാണിജ്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ തുംറൈത്തിലെ ഡയറക്ടറേറ്റ് പ്രാദേശിക വിപണികളിലും കടകളിലും പരിശോധനകൾ നടത്തി.
ഒമാന്റെ ദേശീയ ചിഹ്നം, പതാക, ഭൂപടം എന്നിവ ഉൾക്കൊള്ളുന്ന ഉൽപന്നങ്ങളുടെ വിൽപ്പനയെ നിയന്ത്രിക്കുന്ന നിയമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ദേശീയ ചിഹ്നം, പതാക, ഒമാന്റെ ഭൂപടം എന്നിവ ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടണമെന്ന് അധികൃതർ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓണ്‍ലൈന്‍ വഴി വില്പന നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ചില ഓണ്‍ലൈന്‍ സ്റ്റോറുകളും വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ കമ്പനികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിവിധ വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവയില്‍ ലൈസന്‍സ് ഇല്ലാതെ രാജകീയ മുദ്രകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ അപേക്ഷിച്ച് ലൈസന്‍സ് നേടാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.