മസ്കത്ത്: രാജ്യത്ത് പുതുതായി ഒമ്പത് പരിസ്ഥിതി സംരക്ഷിത മേഖലകൾകൂടി രജിസ്റ്റർ ചെയ്യാൻ പരിസ്ഥിതി അതോറിറ്റി ഒരുങ്ങുന്നു.
ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ വരുമാനം വർധിപ്പിക്കുക അടക്കമുള്ള ലക്ഷ്യങ്ങളുമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒമാനിലെ പരിസ്ഥിതി സംരക്ഷിത മേഖലകൾ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഓരോ വർഷവും ആകർഷിക്കാറുണ്ട്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങൾ ഒരുക്കുന്നത്.
പുതിയ കേന്ദ്രങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് നേച്ചർ റിസർവ് ഡയറക്ടർ സലീം നാസിർ അൽ റുബൈ പറഞ്ഞു. നിലവിൽ 26 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. ഇവിടങ്ങളിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ടൂറിസം, വിനോദ സൗകര്യങ്ങൾ നൽകാൻ ശ്രമിക്കുന്നുമുണ്ട്. ഇതുവഴി ജൈവ വൈവിധ്യം സംരക്ഷിക്കാനും ഇക്കോ ടൂറിസത്തിന്റെ മേഖലയിൽ രാജ്യത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷിത മേഖലകളിലെ നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി അതോറിറ്റി മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപ അവസരങ്ങൾക്കായുള്ള ടെൻഡറുകൾ വിവിധ വകുപ്പുകളിലെ വിദഗ്ധർ നന്നായി വിലയിരുത്തിയാണ് അനുമതി നൽകുന്നത്.
രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതിനാൽ ഇക്കോ-ടൂറിസം നിക്ഷേപങ്ങൾ മെച്ചപ്പെടുത്താനും സംരക്ഷിക്കാനും അധികൃതർ ലക്ഷ്യമിടുന്നു.
2023ൽ ഖോർ അൽഖുർറം അൽ കബീർ റിസർവ്, ഖോർ തഖ റിസർവ്, ഖോർ അൽ മുഗസിൽ, അൽ വുസ്ത വെറ്റ്ലാൻഡ് റിസർവ് എന്നിവിടങ്ങളിൽ നാല് നിക്ഷേപ അവസരങ്ങൾ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
പ്രകൃതി സംരക്ഷണത്തിനൊപ്പം വികസനവും നഗരവത്കരണവും സന്തുലിതമാക്കുന്നത് അതോറിറ്റി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് നേച്ചർ റിസർവ് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.