മസ്കത്ത്: ആഹ്ളാദത്തിന്റെയും സമാധാനത്തിെൻറയും സന്ദേശവുമായെത്തിയ ക്രിസ്മസ് ഒമാനിലെ പ്രവാസി സമൂഹം ആഹ്ളാദപൂർവം ആഘോഷിച്ചു. ഇത്തവണ പള്ളികളിൽ പ്രാർഥന നിർവഹിക്കാൻ സാധിച്ചു എന്നുള്ളതാണ് വിശ്വാസികളെ സംബന്ധിച്ച് ഏറെ സന്തോഷമുണ്ടാക്കിയ കാര്യം. കോവിഡ് മാനദണ്ഡം പാലിച്ചു പരമാവധി നൂറും ഇരുനൂറും ആളുകളെ മാത്രമാണ് പ്രാർഥനയിൽ പങ്കെടുപ്പിച്ചത്. ദാർസൈറ്റിലെ മാർത്തോമ്മ പള്ളിയിൽ ക്രിസ്മസ് ദിനത്തിൽ രാവിലെ പ്രാർഥന നടന്നു. റുവി മാർത്തോമ്മ ദേവാലയത്തിൽ നടന്ന കുർബാനക്ക് വികാരി സാജൻ വർഗീസ്, അസി. വികാരി ബിനു തോമസ് എന്നിവർ നേതൃത്വം നൽകി. മറ്റു പള്ളികളിൽ ക്രിസ്മസ് തലേന്നാണ് പ്രാർഥനകൾ നിർവഹിച്ചത്. പ്രാർഥനക്കുശേഷം ക്രിസ്മസ് ആശംസകൾ നേരാൻപോലും വിശ്വാസികളെ പള്ളി അങ്കണത്തിൽ തങ്ങാൻ അനുവദിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രത്യേകിച്ചും ഉൾപ്രദേശങ്ങളിൽനിന്നും ക്രിസ്മസ് പ്രമാണിച്ച് പള്ളിയിൽ എത്തിയവർ ബാക്കിസമയം പള്ളിക്കുപുറത്ത് കഴിച്ചുകൂട്ടി. വൈകുന്നേരമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.
ക്രിസ്മസ് തലേദിവസമായ വെള്ളിയാഴ്ച ഹൈപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വാരാന്ത്യ അവധിദിനംതന്നെ ക്രിസ്മസ് വന്നതിനാൽ കുടുംബമായി താമസിക്കുന്നവർ വീടുകളിൽ തന്നെ ക്രിസ്മസ് സദ്യ ഒരുക്കി. കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. പല കുടുംബങ്ങളും ക്രിസ്മസ് തലേന്ന് സുഹൃത്തുക്കളെ വീടുകളിലേക്ക് ക്ഷണിച്ച് സൽക്കാരങ്ങൾ സംഘടിപ്പിച്ചിരുന്നു. നഗരത്തിലെ ഇടത്തരം ഹോട്ടലുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ ക്രിസ്മസ് സദ്യ ഉണ്ടായിരുന്നു. നാലു റിയാൽ മുതലുള്ള സദ്യക്ക് ആവശ്യക്കാർ ഏറെയായിരുന്നുവെന്നും നല്ല കച്ചവടം കിട്ടി എന്നുമാണ് ഹോട്ടൽ ഉടമകൾ പറഞ്ഞത്. എന്നാൽ, കോവിഡ് നിയന്ത്രണ ഭാഗമായുള്ള നിയന്ത്രണം അധികൃതർ കടുപ്പിച്ചതുമൂലം അധികം ആളുകൾക്ക് അകത്തിരുന്നു കഴിക്കാൻ സാധിച്ചില്ല. അതിനാൽ കൂടുതലും പാർസലുകളാണ് ചെലവായത്. മുന്തിയ നക്ഷത്ര ഹോട്ടലുകളിൽ ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിവസങ്ങളിലും ഡിന്നർ ഉണ്ടായിരുന്നു. 25 റിയാൽ മുതലായിരുന്നു ചാർജ് ചെയ്തത്. കഴിഞ്ഞ വർഷത്തേക്കാൾ ആഹ്ലാദപൂർണമായി കൊണ്ടാടാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് വിശ്വാസികൾ ഈ വർഷത്തെ ക്രിസ്മസിനോട് വിടചൊല്ലിയത്. ഇനി പുതുവർഷത്തിനായുള്ള കാത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.