മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ ഫീസ് കുറക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസായ പത്തുരൂപ മുഴുവനായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ നിവേദനം നൽകി. സാമൂഹിക പ്രവർത്തകനും രക്ഷിതാവുമായ ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സ്കൂൾ ബോർഡ് അഡ്വൈസറിന് നിവേദനം നൽകിയത്.
നിലവിലുള്ള സാമ്പത്തിക, സാമൂഹിക പശ്ചാത്തലം പരിഗണിച്ച് രക്ഷിതാക്കളെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസായ പത്തുരൂപ മുഴുവനായും ഒഴിവാക്കിക്കൊടുക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഭൂരിഭാഗവും മിഡിൽ ക്ലാസ് വിഭാഗത്തിൽപെടുന്നവരാണ്. ഭൂരിഭാഗം രക്ഷിതാക്കളും ജോലി സംബന്ധമായ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നവർ കൂടിയാണ്.
എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു രീതിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെ കഷ്ടപ്പെടുന്ന ഈ രക്ഷിതാക്കളുടെ ആവശ്യം അനുഭാവ പൂർവം പരിഗണിക്കണമെന്നും താൽക്കാലികമായെങ്കിലും ഫീസ് കുറച്ച് രക്ഷിതാക്കൾക്ക് ആശ്വാസം പകരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വർഷങ്ങളായി രക്ഷിതാക്കളിൽനിന്നും ഈടാക്കിക്കൊണ്ടിരിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫീസായ പത്തുരൂപ കുറക്കാം എന്ന കഴിഞ്ഞ ഓപൺഫോറത്തിലെ വാഗ്ദാനം നിറവേറ്റണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ശാരീരികമായി പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പ്രാവീണ്യം നേടിയ അധ്യാപകരെ നിയമിക്കണമെന്നും അവർ കുട്ടികളോട് സൗമ്യമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും നിവേദനത്തിൽ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളായ സിജു തോമസ്, ജയാനന്ദൻ, സബിത ലിജോ, മനോജ് കാണ്ട്യൻ, കാസിം പുതുക്കുടി എന്നിവരുടെ സംഘമാണ് നിവേദനം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.