നിറമുള്ള സ്വപ്നങ്ങൾ തേടി കടൽ കടന്നവരാണ് പ്രവാസികൾ. കാതങ്ങൾ അകലെയാണെങ്കിലും കേരളത്തിന്റെ തനത് സംസ്കാരങ്ങളെയും പൈതൃകങ്ങളെയും കലകളെയും നെഞ്ചോടു ചേർത്താണ് ലോകത്തിന്റെ ഓരോമുക്കിലും മൂലയിലും മലയാളികൾ കഴിയുന്നത്. ഒപ്പം തങ്ങളുടെ തനിമലയാളിത്തം ഇതര സമൂഹത്തിലേക്ക് കൈമാറുകയും ചെയ്യും. സുൽത്താനേറ്റിലുമുണ്ട് കലയെ നെഞ്ചാടു ചേർക്കുന്ന മനോഹര കാഴ്ചകൾ. കേരളപ്പിറവിദിനം ആഘോഷിക്കുന്ന ഈ വേളയിൽ അത്തരം വിശേഷങ്ങളിലൂടെ ഒരു എത്തിനോട്ടം
സുഹാർ: കടൽ കടന്ന് ദേശാന്തരങ്ങളിൽ കൂടുകൂട്ടിയപ്പോഴും മലയാളത്തനിമയെയും സംസ്കാരത്തെയും ചേർത്തുപിടിച്ചവരാണ് മലയാളികൾ. കുട്ടികളെ കേരളത്തനിമയോടെ വളർത്താനും അവരുടെ സർഗവാസനയിൽ കേരള കല ഉൾപ്പെടുത്താനും ശ്രമിക്കുന്ന രക്ഷിതാക്കളെയും പ്രവാസലോകത്ത് കാണാം. ശീലിച്ച ശീലങ്ങളിൽതന്നെ കുട്ടികളും വളരണം എന്ന രക്ഷിതാക്കളുടെ ചിന്തയിൽനിന്നാണ് പ്രവാസ ലോകത്ത് ഇന്ന് കാണുന്ന തനത് കേരള കലകൾ നാം ആസ്വദിക്കുന്നത്.
മണ്ണിന്റെ മണമുള്ള, കേരള ചേലുള്ള, നാട്ടോർമകൾ ഏറെയുള്ള പാട്ടും, വായനയും, കവിതയും, പഞ്ചാവാദ്യവും, തെയ്യവും, നാടൻപാട്ടും, പുലികളിയും, ഒപ്പനയും, മാർഗം കളിയും, ഓണക്കളികളും ഇവിടെ പുനർജനിക്കുന്നു. നാടിനെയും നാട്ടുരുചികളെയും മറക്കാത്ത ഒരു തലമുറ ഇവിടെ കുടികൊള്ളുന്നു.
നാടൻ കടികളും,അടിച്ചായയും ചട്ടിച്ചോറും കഞ്ഞി ക്കടയും കപ്പയും മത്തിയും പോലുള്ള ഭക്ഷണത്തിന് പ്രവാസലോകത്ത് പ്രിയം ഏറെയാണ്. വായന മരിക്കുന്നു എന്ന് പരിതപിക്കുമ്പോഴും ഗൾഫിൽ ഓരോ വർഷവും നടക്കുന്ന പുസ്തകമേളയിൽ വിറ്റുപോകുന്നത് കൂടുതലും മലയാള പുസ്തകങ്ങളാണ് എന്നത് മറന്നുകൂട.
വൈക്കം മുഹമ്മദ് ബഷീറിനെയും കുഞ്ഞുണ്ണി മാഷിനെയും കുട്ടികൾക്ക് ഇന്നും പ്രിയമാണ്. ഹിന്ദി പാട്ടുകൾ മാത്രം കേട്ടിരുന്ന നമ്മുടെ കുട്ടികൾ എത്ര പെട്ടെന്നാണ് മലയാളം പാട്ടുകളിലേക്ക് തിരിച്ചു വന്നത്.
വസ്ത്രധാരണവും സംസാരവും നമ്മൾ തിരിച്ചുപിടിച്ചില്ലേ. വക്രിച്ച മലയാളം സംസാരിക്കുന്ന ഒരു അവതാരകയെ ഇപ്പോൾ കാണാൻ സാധിക്കുമോ.
ഗൾഫിന്റെ ജീവിത പശ്ചാത്തലത്തിൽ കുടിയേറ്റ പ്രവാസികൾ കൈവിടാതെനിന്ന കേരളത്തനിമ മുറുകെ പിടിച്ചു കൊണ്ടുതന്നെയാണ് പിന്നീട് കടൽ കടന്നുവന്ന പ്രവാസികളും കുടുംബങ്ങളും കുട്ടികളും കേരളത്തിന്റെ സംസ്കാരം ജീവിതത്തിൽ ചേർത്തുപിടിച്ചത്.
മുണ്ടുടുത്ത് ആഘോഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഭരതനാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും, നാടോടി നൃത്തവും, ചെണ്ടയും, ശാസ്ത്രീയ സംഗീതവും, ദഫ് മുട്ടും, കോൽക്കളിയും, കേരള നടനവും, തിരുവാതിരയും, അഭ്യസിക്കാൻ രക്ഷിതാക്കൾ തിടുക്കം കൂട്ടുന്നു.
മലയാളത്തിന്റെ മഹത്വവും അതിന്റെ പകിട്ടും ചേർത്തു പിടിക്കുന്നതിൽ മുന്നിലാണ് പ്രവാസികൾ. അടുത്ത തലമുറയും അങ്ങനെതന്നെ തുടരണം എന്ന നിലക്കാണ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നത്. അതുകൊണ്ടു തന്നെ കേരളപ്പിറവിയും അതിന്റെ ആഘോഷവും പ്രവാസികൾക്ക് അഭിമാനത്തിന്റെ അവസാന വാക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.