മസ്കത്ത്: എല്ലാ ആഴ്ചാവസാനത്തെയുംപോലെ പരിപാടികളും ആളും ബഹളവുമായി അൽമൗജിലെ തിരക്കുള്ളൊരു വൈകുന്നേരം, ഒമാനികളായ സ്വദേശികളും വിദേശികളുമൊക്കെയായി അലക്ഷ്യരായ കുറെ കാഴ്ചക്കാർ, അവർക്ക് നടുവിലേക്ക് ചെണ്ടയും വാദ്യോപകരണങ്ങളുമായി കുറെ പുരുഷന്മാരും കേരളീയ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും നടന്നുവരുന്നു.
പതിഞ്ഞ ശബ്ദത്തിൽ അവർ ചെണ്ടകൊട്ടിത്തുടങ്ങി ….. ചെണ്ടയുടെ താളവും കൊട്ടുന്നവരുടെ ആവേശവും കൂടിയായപ്പോൾ അതിന്റെ ശബ്ദവും ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കകം ആ പരിസരമാകെ ചെണ്ടമേളം കേട്ടെത്തിയ കാണികളെ കൊണ്ട് നിറഞ്ഞു.
ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു വാദ്യോപകരണവും ലോകത്തു തന്നെയില്ല എന്നുവേണം പറയാൻ . പതിനെട്ടു വാദ്യങ്ങളും ചെണ്ടക്ക് താഴെയെന്നാണ് ചൊല്ല്. കേരളത്തിന്റെ തനത് കലയെ ഇത്ര മനോഹരമായി അവിടെ കൂടിനിന്ന ഓരോ മലയാളികളെയും അഭിമാനത്തിന്റെയും ഓരോ കാണികളെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചത് ‘മേളം മസ്കത്ത്’ എന്ന ഗ്രൂപ്പിലെ കലാകാരന്മാരാണ്.
2014 ൽ പത്തിൽ കൂടാത്ത ആളുകളുമായി തുടങ്ങി ഇന്ന് 2024 ആയപ്പോഴേക്കും ഏഴ് ബാച്ചും 200ഓളം കലാകാരന്മാരുമായി ജൈത്രയാത്ര തുടരുകയാണ് മേളം മസ്കത്ത്.
കലാകേരളത്തിന് നിരവധി വാദ്യപ്രതിഭകളെ സമ്മാനിച്ച പാലക്കാട്ടിലെ മേളങ്ങളുടെ ഗ്രാമമായ അയിലൂരിൽനിന്നും വളർന്നു വരുന്ന യുവവാദ്യപ്രമാണി പ്രസാദ് അയിലൂരാണ് മേളം മസ്കത്തിന്റെ ആശാൻ. ചെണ്ടയുടെയും വാദ്യോപകരണങ്ങളുടെയും താളവും മനസ്സിലേറ്റി പ്രവാസലോകത്തെത്തിയ പ്രസാദ് അയിലൂരിന് ഇവിടെ തന്റെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത് സ്വപ്നതുല്യമായ ആഗ്രഹമായിരുന്നു.
ആശാൻ പങ്ങത്തിരി മോഹനനിൽനിന്നും വാദ്യകാലയുടെ ആദ്യക്ഷരങ്ങൾ പഠിച്ച അദ്ദേഹത്തിന് കേരളത്തിനകത്തും പുറത്തുമായി ഇന്ന് 300ൽ പരം ശിഷ്യ സമ്പത്തുണ്ട്.
ആ ആദ്യകാല ശിഷ്യൻ ശ്യാം കാലടി കാനഡയിൽ ഈ വർഷം പത്തു പേരടങ്ങുന്ന പുതിയ ബാച്ചിന്റെ അരങ്ങേറ്റം നടത്തിയത് തന്റെ കലാജീവിതത്തിൽ വളരെ സന്തോഷം പകരുന്ന കാര്യമാണെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ത്യക്ക് പുറത്ത് ഒമാനിൽ മാത്രമല്ല കാനഡയിലും പ്രസാദ് അയിലൂരിന് ശിഷ്യരുണ്ട് എന്ന സ്വപ്നനേട്ടമായിരുന്നു അത്.
2015 മുതൽ 2019 വരെ എല്ലാ വർഷവും വാദ്യലയം എന്ന പേരിൽ കേരളത്തിൽനിന്നുള്ള വാദ്യപ്രമുഖരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചാരിമേളം അരങ്ങേറ്റം നടത്തിയിരുന്നു മേളം മസ്കത്ത് . അതിൽ അഞ്ച് വനിതകൾ അടങ്ങുന്ന ഒരു ബാച്ച് ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് കലാകാരന് ഒരു കൈത്താങ്ങ് എന്ന പേരിൽ അവശത അനുഭവിക്കുന്ന 50ഓളം പേർക്കും ഏകദേശം 1,25,000 രൂപയുടെ ധനസഹായം കലൂർ രാമൻകുട്ടി മാരാർ, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ എന്നിവരുടെ സാന്നിധ്യത്തിൽ നൽകിയിരുന്നു.
മേളം മസ്കത്ത് കോഓഡിനേറ്റർ ജിതേഷ് കുട്ടി, മുൻകോഓഡിനേറ്റർ ഉണ്ണി ചെറുവട്ടതു, നന്ദകുമാർ ആലങ്ങാട്ട്, ജഗദീഷ് വാര്യർ, അജിത് വാസുദേവൻ, ഹരിഗോവിന്ദ്, ഗോപകുമാർ, വിനോദ് പാട്ടത്തിൽ എന്നിവർ ഈ സംഘത്തിന് നേതൃത്വം നൽകിവരുന്നു.
കഴിഞ്ഞ പത്തുവർഷമായി മസ്കത്തിലെ കലാസാംസ്കാരിക രംഗത്ത് മേളങ്ങളുടെ ഓളം തീർക്കുന്ന മേളം മസ്കകത്തിലെ 30 ഓളം അംഗങ്ങളുള്ള ഏഴാമത് ബാച്ചിന്റെ പരിശീലന ക്ലാസുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.