മസ്കത്ത്: മാനവികതയുടെയും ഒരുമയുടെയും സന്ദേശമുയർത്തുന്ന ‘ഹാർമോണിയസ് കേരള’യുടെ അഞ്ചാം പതിപ്പിന്റെ വിളംബര റോഡ്ഷോ വെള്ളിയാഴ്ച നടക്കും. പ്രമുഖ അവതാരകൻ രാജ് കലേഷാണ് പരിപാടിക്ക് നേതൃത്വം നൽകുക. ചിരിയും ചിന്തയുമുണർത്തുന്ന കളികളും പറച്ചിലും മാജിക്കുമായി രാജ് കലേഷ് കലാപൂരത്തിന്റെ കൊടിയേറ്റം നിർവഹിക്കും.
കുട്ടികൾക്കും കുടുംബത്തിനും പങ്കെടുക്കാൻ സാധിക്കുന്ന വിവിധ മത്സരങ്ങളുമായാണ് പ്രിയപ്പെട്ട കല്ലുവെത്തുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. വൈകീട്ട് 6.30 മുതൽ റൂവി ലുലു ഹൈപ്പർമാർക്കറ്റിലാണ് പരിപാടി. ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് നടക്കുന്നത്.
മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, യുവ നടികളിൽ ശ്രദ്ധേയായ അനാർക്കലി മരക്കാർ, പാട്ടിന്റെ പാലാഴി തീർക്കാൻ പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ.
ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്തച്ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് കളിയും ചിരിയും ചിന്തയും പകർന്ന് മസ്കത്തിനോടു കൂട്ടുകൂടാനെത്തുന്നത്.
പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും. ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷ നിറവിലാണ് ഹാർമോണിയസ് കേരള ഇത്തവണ കൊണ്ടാടുന്നത്. രജതജൂബിലിയുടെ ഒമാൻ തല ആഘോഷങ്ങൾക്ക് കൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്. പരിപാടിയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്.
പത്ത് റിയാൽ (ഡയമണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നീ നിരക്കുകളിൽ ടിക്കറ്റുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾക്കായി 95629600, 96042333 ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.