ഒമാൻ ടീം പരിശീലനത്തിൽ
മസ്കത്ത്: ദോഹയിൽ നടക്കുന്ന അറബ് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒമാൻ വെള്ളിയാഴ്ച കരുത്തരായ തുനീഷ്യയെ നേരിടും. അലി ബിൻ അലി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തർ യു.എ.ഇയുമായി ഏറ്റുമുട്ടും. പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ് 'എ'യിൽ നിന്നും രണ്ടാം സ്ഥാനക്കാരായി വന്ന ഒമാൻ ഗ്രൂപ് 'എ'ജേതാക്കളയ കരുത്തരായ തുനീഷ്യയെ നേരിടുമ്പോൾ മത്സരം കടുക്കുമെന്നുറപ്പാണ്. ഇന്നത്തെ മത്സരത്തിൽ തുനീഷ്യക്കു തന്നെയാണ് മുൻതൂക്കം. എന്നാൽ ബഹ്റൈനെതിരെ നിർണായക മത്സരത്തിൽ ഒമാൻ കാഴ്ച്ചവെച്ച പ്രകടനം പുറത്തെടുത്താൽ അട്ടിമറികൾ പ്രതീക്ഷിക്കാം. ലോകറാങ്കിങ്ങിൽ 29ാം സ്ഥാനത്താണ് തുനീഷ്യ. ഒമാന് 78ാം സ്ഥാനം.
എതിരാളികൾ എത്ര കരുത്തരാണ് എന്നുള്ളത് ഞങ്ങൾ കാര്യമാക്കുന്നില്ലെന്നും ആത്മവിശ്വാസത്തോടെയാണ് മത്സരത്തെ നേരിടുന്നതെന്നും കോച്ച് ബ്രാൻകോ ഇവാൻകോവിക് പറഞ്ഞു. ഗ്രൂപ്പിലെ പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിർഭാഗ്യം മൂലം ഒമാനെ വിജയം കൈവിടുകയായിരുന്നു.
എന്നാൽ, ബഹ്റൈനെതിരെ ഉജ്വല പ്രകടനം പുറത്തെടുത്ത് മൂന്നു ഗോളിന് ജയിച്ചാണ് ക്വാർട്ടറിൽ കടന്നത്. ബഹ്റൈനെതിരായ മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത കളിയിലെ കേമൻ കൂടിയായ അർഷാദ് അൽ അലവി തന്നെയാകും ഇന്നത്തെയും ശ്രദ്ധാകേന്ദ്രം. അവധി ദിനമായതിനാൽ ടെലിവിഷനിൽ കളി കാണാൻ ഫുട്ബാൾ പ്രേമികളുടെ തിരക്കായിരിക്കും. ചില ഹോട്ടലുകൾ, കഫറ്റീരിയകൾ എന്നിവിടങ്ങളിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള സൗകര്യം ഉണ്ട്.
ഒട്ടേറെ സ്വദേശികൾ ദോഹയിൽ നേരിട്ട് മത്സരം വീക്ഷിക്കാനും എത്തിയിട്ടുണ്ട്. ഒമാനെ സംബന്ധിച്ച് ഖത്തർ ഭാഗ്യവേദി കൂടിയാണ്. ഗൾഫ് രാജ്യങ്ങളുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന 'അറേബ്യൻ ഗൾഫ് കപ്പിൽ' ഒമാൻ ആദ്യമായി ഫൈനലിലെത്തുന്നത് 2004ൽ ഖത്തറിൽ നടന്ന ടൂർണമെൻറിലായിരുന്നു. അന്ന് ഫൈനലിൽ ആതിഥേയരായ ഖത്തറിനോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.