മസ്കത്ത്: കോവിഡ് വാക്സിെൻറ ആദ്യ ബാച്ച് ഒമാനിലെത്തി. ഡി.എച്ച്.എൽ കാർഗോ വിമാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്സിൻ എത്തിച്ചത്. 15600 ഡോസ് വാക്സിൻ ആരോഗ്യ വകുപ്പ് അധികൃതർ ഏറ്റുവാങ്ങി. ഫൈസർ-ബയോൺടെക് കോവിഡ് വാക്സിെൻറ ആദ്യ ബാച്ച് ലഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിൻ 21 ദിവസത്തെ ഇടവേളയിലാണ് നൽകുക. വാക്സിനേഷൻ കാമ്പയിന് അടുത്ത ഞായറാഴ്ചയാണ് തുടക്കമാവുക. വാക്സിനേഷൻ കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയാണ് ആദ്യ ഡോസ് സ്വീകരിക്കുക. മുതിർന്നവർ, പ്രമേഹ ബാധിതർ, ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവർ, കോവിഡ് െഎ.സി.യു ജീവനക്കാർ തുടങ്ങി മുൻഗണനാ പട്ടികയിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. മുൻഗണനാ പട്ടികയിലുള്ളവരിൽ 20 ശതമാനം പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വാക്സിെൻറ രണ്ടാമത് ബാച്ച് ജനുവരിയിലാകും ലഭിക്കുക. 28000 ഡോസ് ആണ് ജനുവരിയിൽ ഒമാനിലെത്തുകയെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.