മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ മിന്നും പ്രകടനം നടത്തി രാജ്യത്തിന്റെ കായിക ഭൂപടത്തിൽ പുതിയ ഏടുകൂടി എഴുതിച്ചേർത്ത് ഒമാൻ ഹോക്കി ടീം. കഴിഞ്ഞദിവസം സമാപിച്ച ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ മൂന്നാം സ്ഥാനമാണ് ടീം സ്വന്തമാക്കിയത്. ആഭ്യന്തര ഹോക്കിയിൽ ഒട്ടേറെ ടൂർണമെന്റുകൾ നടക്കുന്നുണ്ടെങ്കിലും ഒമാൻ ദേശീയ ടീമിന് ഇതുവരെ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ ഡച്ചുകാരനായ കോച്ച് എഗ്ഗ്ഫ്രീഡ് ചുമതലയേറ്റതോടെ മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നതാണ് ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ നിന്നുള്ള ടീമിന്റെ പ്രകടനം നൽകുന്ന സൂചന.
കഴിഞ്ഞ വർഷം സലാലയിൽ നടന്ന ഏഷ്യൻ ഫൈവ്സ് ഹോക്കിയിൽ മൂന്നാം സ്ഥാനം നേടിയാണ് ഒമാൻ ലോകകപ്പിലേക്ക് എത്തിയിരുന്നത്. അന്ന് മലേഷ്യയെ തോൽപ്പിച്ചാണ് വെങ്കല മെഡൽ നേടിയത്. അതേ നേട്ടം ലോകകപ്പിലും ആവർത്തിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്. ഫൈവ്സ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ മലേഷ്യയെ സമനിലയിൽ പിടിച്ചും തുടർന്ന് ഫിജി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ വൻ മാർജിനിൽ പരാജയപ്പെടുത്തിയും ഗ്രൂപ് ജേതാക്കളായായിരുന്നു കോർട്ടർ കടന്നിരുന്നത്. കോർട്ടറിൽ കെനിയയെയാണ് പരാജയപ്പെടുത്തിയത്. സെമിയിൽ ടൂർണമെന്റ് ജേതാക്കളായ നെതർലാൻഡ്സുമായാണ് ഏറ്റുമുട്ടിയത്. ടൂർണമെന്റിലെ തന്നെ മികച്ച മത്സരത്തിൽ പൊരുതി തന്നെയാണ് ഒമാൻ കീഴടങ്ങിയത്.
മൂന്നാംസ്ഥാന നിർണയത്തിൽ പോളണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച് രാജ്യത്തിന്റെ അഭിമാനമായിമാറാൻ ടീമിനു സാധിച്ചു. ഒമാന്റെ ഹോക്കി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ മൂന്നാം സ്ഥാനം. ഇതിന്റെ മുഴുവൻ നേട്ടവും പരിചയസമ്പന്നനായ പരിശീലകൻ എഗ്ഗ്ഫ്രീഡിനാണ്. പാകിസ്താൻ, ജപ്പാൻ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച എഗ്ഗ്ഫ്രീഡ് ഒരു വർഷം മുമ്പാണ് ഒമാൻ ദേശീയ ടീമിന്റെ കോച്ചായി ചുമതല ഏറ്റെടുക്കുന്നത്. വരും നാളുകളിൽ ഈ ടീമിൽനിന്നും ഒട്ടേറെ നേട്ടങ്ങൾ പ്രതീക്ഷിക്കാമെന്ന് ആരാധകർ പറയുന്നത്.
പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളും ഫൈവ്സ് ഹോക്കി ലോകകപ്പും അവസാനിച്ചപ്പോൾ ഒമാൻ ഹോക്കിക്കിത് അഭിമാന നിമിഷം. ഫുട്ബാളിനും ക്രിക്കറ്റിനും ശേഷം കാണികൾ കൂട്ടത്തോടെ ഹോക്കി സ്റ്റേഡിയത്തിലേക്കും ഒഴുകിയെത്തി എന്നതാണ് സംഘാടകരെ സന്തോഷിപ്പിച്ച കാര്യം. അതിനെക്കാളുപരി ഹോക്കിക്ക് മാത്രമായി സ്റ്റേഡിയം എന്ന ചിരകാലാഭിലാഷം പൂവണിഞ്ഞു എന്നതാണ് സന്തോഷിക്കാൻ വകനൽകുന്ന മറ്റൊരു കാര്യം.
യുദ്ധകാലാടിസ്ഥാനത്തിൽ കേവലം ഏഴുമാസം കൊണ്ടാണ് അമറാത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം പുതിയ ഒമാൻ ഹോക്കി സ്റ്റേഡിയം പണിതുയർത്തിയത്. ഇത്രയും നാൾ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഹോക്കി ഗ്രൗണ്ടിലാണ് സുൽത്താൻ കപ്പ് ഉൾപ്പടെയുള്ള മത്സരങ്ങൾ നടന്നിരുന്നത്.
അന്തർദേശീയ നിലവാരത്തിലാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ഗാലറി, മീഡിയാ റൂം, വിശാലമായ പാർക്കിങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട് . ഹോക്കി ഒമാൻ ചെയർമാൻ ഡോ. മർവാൻ ബിൻ ജുമാ അൽ ജുമായുടെ മികവുറ്റ നേതൃത്വമാണ് ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹോക്കി ഒമാന് സാധിച്ചത്. അതെസമയം കാര്യമായ പരസ്യ പ്രചാരണം ഇല്ലാതെയാണ് രണ്ട് അന്തർദേശീയ ടൂർണമെന്റുകളും അരങ്ങേറിയത്. എന്നിട്ടും മികച്ച രീതിയിലുള്ള ജനപങ്കാളിത്തമാണ് ടൂർണമെന്റിന് ലഭിച്ചത്. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ദിവസം പരമാവധി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാൻ യു.ടി.എസ്.സി അംഗങ്ങൾ പ്രയത്നിച്ചിരുന്നു.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും മിക്ക ദിവസവും കളികാണാൻ എത്തിയിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്, മസ്കത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ എന്നിവർക്കുപുറമെ ഇന്ത്യൻ വനിതകൾ ഫൈനലിൽ കളിച്ച ദിവസം മസ്കത്ത് പഞ്ചവാദ്യ സംഘം ചെണ്ടമേളം അവതരിപ്പിച്ചുകൊണ്ട് ടീമിന് പിന്തുണയുമായി എത്തിയിരുന്നു. രാജ്യത്തിനും ഹോക്കി ഒമാനും അഭിമാനിക്കാവുന്ന ഒട്ടേറെ സംഭാവനകൾ നൽകിയാണ് രണ്ടു ടൂർണമെന്റുകളും വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.