മസ്കത്ത്: തിങ്കളാഴ്ച ഉച്ചക്ക് 1.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. 12 മണിക്കൂർ വൈകി രാത്രി ഒരു മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. നേരത്തേ അധികൃതർ വിമാനം വൈകുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വിവരമൊന്നും നൽകിയില്ലെന്നും വിമാനത്താവളത്തിൽ എത്തിയശേഷം കൗണ്ടറിൽനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും യാത്രക്കാരനായ ജിബിൻ ജോസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിമാനത്താവളത്തിലെ സൂചനാബോർഡുകളിലോ ഓൺലൈനിൽ ടിക്കറ്റ് സ്റ്റാറ്റസ് നോക്കിയപ്പോഴോ സമയമാറ്റത്തെക്കുറിച്ച് സൂചനയില്ലായിരുന്നുവെന്നും കൃത്യസമയത്ത് പുറപ്പെടുമെന്ന ധാരണയിൽ എത്തിയ കുടുംബങ്ങൾ അടക്കമുള്ളവർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.
സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല്‍ ദുരിതത്തിലായി. എയർ ഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോൺപോലും എടുക്കുന്നില്ലെന്നും ജിബിന്‍ പറയുന്നു.
യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ താൽക്കാലിക താമസസൗകര്യം ചെയ്തുകൊടുത്തതായി യാത്രക്കാര്‍ അറിയിച്ചു. ഈ മാസം 22ന് കോഴിക്കോട്ടേക്കുള്ള വിമാനം ആറു മണിക്കൂര്‍ വൈകിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ തുടർച്ചയായി ഗൾഫ് മേഖലയിൽനിന്ന് വൈകുന്നതിൽ യാത്രക്കാർക്കിടയിൽ അമർഷം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.