മസ്കത്ത്: ശൈത്യകാലം വന്നണയുന്നത് വിവിധ മേഖലകളിലെന്നപോലെ പൂസ്നേഹികൾക്ക് ആഹ്ലാദം പകരുന്നു. ഒമാനിലെ പ്രത്യേക കാലാവസ്ഥ കാരണം എല്ലാ കാലത്തും ചെടി വളർത്തലും കച്ചവടവും നടക്കില്ല. വേനലിലെ കടുത്ത ചൂട് ചെടി വളർത്തലിനെയും പൂ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. തണുപ്പുകാലത്താണ് പൂവളർത്തൽ കാര്യമായി നടക്കുന്നത്.
അതിനാൽ തണുപ്പു കാലത്ത് പൂവിനും ചെടികൾക്കും നല്ല ഡിമാന്റാണുള്ളത്. തണുപ്പുകാലം പൂച്ചെടി വിറ്റ് പണമുണ്ടാക്കുന്നതിന് എറ്റവും പറ്റിയ സമയമാണ്. ഈ സീസണ് വേണ്ടി വിവിധതരം പൂച്ചെടികളാണ് കച്ചവടക്കാർ വളർത്തുന്നത്. തങ്ങൾക്ക് വർഷത്തിൽ എല്ലാ മാസത്തിലും പൂച്ചെടി വ്യാപാരമുണ്ടെങ്കിലും നവംബർ മുതലുള്ള നാല് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വേനൽ കാലത്ത് ചെടിവളർത്തൽ ഏറെ പ്രയാസകരമാണെന്നും അതിന് ഏറെ പരിശ്രമം ആവശ്യമാണ്.
ഉയർന്ന താപനിലയിൽ പ്രകൃതിയോട് മല്ലിടിക്കുക എളുപ്പമല്ല നഴ്സറിക്കാർ പറയുന്നു. കടുത്ത ചൂട് കാരണം മുളകൾ വാടിക്കരിയുമെന്നും ചെടി നശിച്ചുപോവുമെന്നും ഇവർ പറയുന്നു. ചെടി വളർത്തുന്നതിന് അനുകൂലമായ കാലാവസ്ഥയാണ് തണുപ്പുകാലം. കൂടുതൽ പേർ നഴ്സറികൾ സന്ദർശിക്കുകയും ചെടികൾ വാങ്ങുകൾ ചെയ്യുന്നുണ്ടെന്ന് ഇവർ പറയുന്നു. ചൂട് കാലത്ത് ചടികൾ നട്ട് വളർത്തുക എളുപ്പമല്ലെന്ന് താമസക്കാരും പറയുന്നു. വേനൽ കാലത്ത് ഇത് നിലനിർത്താനായി കൂടുതൽ ചെലവിടാൻ തയാറാവേണ്ടി വരും. നിരവധി ചെടികൾ ഉണങ്ങിപ്പോവും.
ചില പൂക്കൾ മാനസിക പിരിമുറുക്കം കുറക്കുകയും മാനസികോല്ലാസം നൽകുകയും ചെയ്യുന്നതാണെന്നും പൂ പ്രേമികൾ പറയുന്നു.ഒമാനിൽ വളർത്താൻ ഏറ്റവും പറ്റിയ പൂച്ചെടി പെറ്റുനിയാണ്. ഇതിന്റെ വിത്തുകൾ ലഭിക്കാൻ എളുപ്പമാണ്. ഇത് വളർത്താനും എളുപ്പമാണ്. ചെടികൾ വളരെ വേഗത്തിൽ വളരുകയും വിവിധ നിറങ്ങളിലുള്ള മനോഹരമായ പൂവുകൾ വിടർത്തുകയും ചെയ്യും. വെൽവെറ്റ്, പിങ്ക്, നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ പെറ്റുനിയ പൂക്കൾ മസ്കത്തടക്കമുള്ള ഒമാന്റെ വിവിധ പ്രദേശങ്ങളിൽ കാണാവുന്നതാണ്.
വിവിധ നിറത്തിലുള്ള പെറ്റുനിയ പൂക്കൾ വളർത്തുന്ന പൂന്തോട്ടം ഏറെ ആകർഷനീയവും ആയിരിക്കും. മനോഹരമയ കാഴ്ചകൾ കാണുമ്പോൾ നമുക്ക് മനോഹരമായി ചിന്തിക്കാൻ കഴിയും. ഇത് കൊണ്ടാണ് പൂച്ചെടികൾ വെച്ച് പിടിപ്പിക്കുന്നതെന്ന് പൂസ്നേഹിയായ ഫാത്തിമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.