മസ്കത്ത്: അവയവദാന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ചിത്രത്തിലേയില്ലെന്ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാനും ഫാമിലി കൗൺസിലറുമായ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. മസ്കത്തിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിന്റെ അഭാവമാണ് തിരിച്ചടിയാകുന്നത്. അവയവദാന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സ്പെയിനാണ്. ജി.സി.സി രാജ്യങ്ങളിൽ കുവൈത്താണ് മുന്നിൽ നിൽക്കുന്നത്. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കുവൈത്തിൽ നടന്നുവരുന്നത്.
നിലവിൽ കുവൈത്ത് ഭരണകൂടത്തിന്റെ ക്ഷണിതാവായിട്ട് അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതപണ്ഡിതന്മാർക്ക് അവയവദാന പ്രക്രിയയിൽ സുപ്രധാന പങ്കുവെക്കാൻ കഴിയും. അവർ പറഞ്ഞാൽ കൂടുതൽ ആളുകൾ അവയവദാനത്തിന് സന്നദ്ധമായി രംഗത്തുവരും. ഒമാനിൽ അവയവദാന പ്രക്രിയ ശൈശവഘട്ടത്തിലാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിന് തടസ്സമായിരിക്കുന്നത്. കുവൈത്ത് മാതൃകയിൽ ഒമാനിലും പ്രവർത്തനം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ആരോഗ്യമന്ത്രാലയം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ 50 ാം വാർഷികത്തിന്റെ ഭാഗമായി ഒമാനിൽ നടക്കുന്ന അവയവദാന ബോധവത്കരണം ശ്ലാഘനീയമാണ്. ഏകദേശം 300ഓളം ആളുകൾ അവയവദാനത്തിന് സന്നദ്ധമായി രംഗത്തുവന്നിട്ടുണ്ട്. അവയവദാനം നടത്തുന്ന ആളുടെ കുടുംബത്തിന് ‘ഓർഗൺ ഡോണർ ഫാമിലി’ സർട്ടിഫിക്കറ്റ് നൽകും. പലരും മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് വിസമ്മതിക്കാറുണ്ട്. മരിച്ച വ്യക്തി അവയവദാനം ചെയ്യാൻ സന്നദ്ധനായി രജിസ്റ്റർ ചെയ്തത് അറിയാത്തതുകൊണ്ടാണിത്. ഇതിന് പരിഹാരമായിട്ടാണ് ‘ഓർഗൺ ഡോണർ ഫാമിലി’ സർട്ടിഫിക്കറ്റ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.