മസ്കത്ത്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കിരാതമായ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ഒമാനിലെ മസ്ജിദുകളിൽ നമസ്കാരവും പ്രാർഥനയും നടന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമാണ് നമസ്കാരം നടത്തിയത്. ജുമുഅ നമസ്കാരത്തിന് ശേഷം അതത് മസ്ജിദുകളിലെ ഇമാമുമാരാണ് നേതൃത്വം നൽകിയത്.
ഫലസ്തീനിൽ യുദ്ധംമൂലം പരിക്കേൽക്കുകയും മരണത്തോട് മല്ലടിക്കുകയും ഭക്ഷണവും വെള്ളവും ലഭിക്കാതെ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നവർക്കു വേണ്ടി പ്രത്യേക പ്രാർഥനകളും നടത്തി. ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത എല്ലാ വിശ്വാസികളും ഫലസ്തീനിൽ ജീവൻ വെടിഞ്ഞവർക്ക് വേണ്ടിയുള്ള നമസ്കാരത്തിലും പങ്കെടുത്തു.
ദുർഘട ഘട്ടങ്ങളിൽ വിശ്വാസികൾ ക്ഷമ കൈക്കൊള്ളണമെന്നും ഇത്തരം ആപത്തുകൾ വന്നുഭവിക്കുമ്പോൾ ഞങ്ങൾ ദൈവത്തിനുള്ളവരാണെന്നും അവനിലേക്കുതന്നെ മടങ്ങുന്നവരാണ് എന്ന് പറയുന്നവരാണ് വിശ്വാസികളെന്നും ഇമാമുമാർ വെള്ളിയാഴ്ച പ്രസംഗത്തിൽ വിശ്വാസികളെ ഉണർത്തി. ഇത്തരം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കൽ വിശ്വാസികളുടെ ബാധ്യതയാണെന്നും പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.