മസ്കത്ത്: ജി.സി.സി ജോയന്റ് ഡിഫൻസ് കൗൺസിലിന്റെ 20ാമത് യോഗം മസ്കത്തിൽ ചേർന്നു. അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷത വഹിച്ചു.
ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, ജി.സി.സി ജോയന്റ് ഡിഫൻസ് കൗൺസിലിലേക്കും ജി.സി.സി സെക്രട്ടറി ജനറലിലേക്കുമുള്ള പ്രതിനിധികളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിൽ പൊതുവായ താൽപര്യമുള്ള വിഷയങ്ങളും അവർക്കിടയിൽ സഹകരണവും സൈനിക നടപടികളും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.നിലവിലുള്ള സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ നമ്മുടെ രാജ്യങ്ങൾ ഗണ്യമായ പുരോഗതിയുടെ പാതയിലാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് പറഞ്ഞു.
വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൈനിക സഹകരണമാണ്. സംയുക്ത ഗൾഫ് സൈനിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഫലങ്ങളും അവലോകനം ചെയ്യുന്നതിനും സംയുക്ത പരിശ്രമങ്ങൾ തുടരുന്നതിനുമായി മുൻകാല മീറ്റിങ്ങുകളുടെ തുടർച്ചയാണ് മസ്കത്തിലെ യോഗം. ജി.സി.സി രാജ്യങ്ങളിലെ സായുധ സേനയുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെ സായുധ സേനകൾ വഹിക്കുന്ന പങ്ക്, ഉയർന്ന കാര്യക്ഷമത, വിശിഷ്ടമായ കഴിവുകൾ, അച്ചടക്കം, പ്രഫഷനലിസം, അർപ്പണബോധം, ഏൽപിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ സേനാംഗങ്ങളുടെ ആത്മാർഥത എന്നിവയെ ചടങ്ങിൽ സംസാരിച്ച ജി.സി.സി സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.