സുഹാർ: പ്രവാസികളുടെ ആകാശയാത്ര മുടക്കം തുടർക്കഥയാകുന്നു. നിശ്ചിത സമയത്ത് പുറപ്പെടാതിരിക്കുക, യാത്ര അനന്തമായി നീളുക, സാങ്കേതിക കാരണം പറഞ്ഞു വിമാന സർവിസ് റദ്ദാക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാണ് പലപ്പോഴും പ്രവാസികളുടെ യാത്രക്ക് തടസ്സമായി വരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എന്നിവ പ്രൈവറ്റ് സെക്ടറിൽ വന്നതോടെ യാത്രാദുരിതം മുമ്പുള്ളതിനേക്കാൾ കൂടിയിരിക്കകയാണെന്നു യാത്രക്കാർ പറയുന്നു.
ബുധനാഴ്ച മസ്കത്തിൽനിന്ന് കാലത്ത് 11.30ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ വളരെ മുമ്പ് ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി. കല്യാണം, തുടർപഠനം, ചികിത്സ എന്നിവക്ക് നാട്ടിലേക്കുപോകുന്ന നിരവധി പേർ യാത്രക്കാരിലുണ്ട്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ബുക്ക് ചെയ്തവരായിരുന്നു കൂടുതൽപേരും.
അമ്പത് റിയാലിൽ താഴെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇനി മറ്റൊരു വിമാനത്തിൽ സമയത്ത് യാത്ര ചെയ്യണമെങ്കിൽ 80 റിയാലെങ്കിലും വരും. അതും തൊട്ടടുത്ത ദിവസങ്ങളിലേ യാത്ര ചെയ്യാൻ കഴിയൂ. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് യാത്ര ചെയ്യാൻ 320 റിയാലെങ്കിലും കാണേണ്ടിവരും. ഗോ ഫസ്റ്റിനു എടുത്ത ടിക്കറ്റ് തുക തിരിച്ചുകിട്ടണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം. സീസണായിട്ടും വലിയ തോതിൽ ടിക്കറ്റ് നിരക്ക് ഉയർന്നില്ല എന്ന് ആശ്വസിക്കുമ്പോഴാണ് യാത്രാ തടസ്സങ്ങളുമായി വിമാനക്കമ്പനികൾ പ്രവാസികളെ പ്രയാസത്തിലാക്കുന്നത്.
ഗോ ഫസ്റ്റിന്റെ വിവിധ സർവിസുകൾ റദ്ദാക്കി
മസ്കത്ത്: ഇന്ത്യൻ ബജറ്റ് എയർലൈനായ ഗോ ഫസ്റ്റിന്റെ മേയ് മൂന്നുമുതൽ അഞ്ചുവരെയുള്ള വിവിധ സർവിസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് വിമാന സർവിസുകൾ റദ്ദാക്കാൻ കാരണമായി അധികൃതർ പറയുന്നത്. നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയിൽനിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.
ബുധനാഴ്ച മസ്കത്ത്- കണ്ണൂർ, കണ്ണൂർ-മസ്കത്ത് സർവിസുകളാണ് റദ്ദാക്കിയത്. നാലിന് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനവും നിർത്തലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂർ-ദുബൈ വിമാനവും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരിൽ നിന്നുള്ള ദുബൈ, അബൂദബി സർവിസുകളും നിർത്തലാക്കിയതിൽപെടും.
വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥർ. നേരത്തെ കമ്പനി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മുമ്പാകെ പാപ്പർ ഹരജി ഫയൽ ചെയ്തിരുന്നു. പാപ്പർ ഹരജി ഫയൽ ചെയ്യേണ്ടിവന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനിൽപിന് ഇത് അത്യാവശ്യമാണെന്നുമായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കൗശിക് ഗോനയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.