മസ്കത്ത്: രാജ്യത്ത് പരിസ്ഥിതി സൗഹൃദപരമായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം പൂർത്തിയായി.
വൻ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്ന ഗ്രീൻ ഹൈഡ്രജൻ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നൽകുമെന്നാണ് പഠനത്തിന്റെ അടിസ്ഥാനത്തിൽ ഊർജ വിശകലന വിദഗ്ധർ പറയുന്നത്.
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളായ കാറ്റ്, സൂര്യപ്രകാശം, ജലം എന്നിവയുപയോഗിച്ച് ജലത്തില്‍നിന്ന് വേര്‍തിരിച്ചാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉൽപാദിപ്പിക്കുന്നത്. കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഗതാഗതം, ഷിപ്പിങ്, സ്റ്റീല്‍ വ്യവസായം എന്നീ മേഖലകളിൽ ഇവ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമാണ് ഉയർന്നുവന്നിട്ടുള്ളത്.
ഹൈഡ്രജൻ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിന്റെ പ്രാദേശിക ആവശ്യം സംബന്ധിച്ച് സാധ്യതപഠനം നടത്തിക്കഴിഞ്ഞതായും ഇന്റർനാഷനൽ എനർജി ഏജൻസിയിലെ ഒമാൻ സുൽത്താനേറ്റിന്റെ ഉപദേശകനും പ്രതിനിധിയുമായ ഡോ. അബ്ദുല്ല ബിൻ സുലൈമാൻ അൽ അബ്രി പറഞ്ഞു. സുഹാർ, മസ്കത്ത്, സുർ, ദുകം, സലാല എന്നീ അഞ്ച് വ്യവസായ മേഖലകളുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
സാങ്കേതിക വിലയിരുത്തൽ, ചെലവ്, വിൽപനയിൽനിന്നുള്ള വരുമാനം, സാമ്പത്തിക തിരിച്ചടവ് കാലയളവ്, കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ പ്രതീക്ഷിക്കുന്ന സ്വാധീനം, ലാഭിക്കുന്ന പ്രകൃതിവാതകത്തിന്റെ അളവ്, ഭൂവിസ്തൃതി എന്നിവയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രോജക്ടിന്റെയും ജീവിതചക്രം 25 വർഷമാണെന്നും 2027ന്റെ തുടക്കത്തിൽ ഉൽപാദനം ആരംഭിക്കുന്നത് കണക്കാക്കിയാണ് പഠനം നടത്തിയതെന്നും ഇൻഡസ്ട്രിയൽ എനർജി അനലിസ്റ്റായ മരിയ ബിൻത് സഹ്ർ അൽ തുബി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.