മസ്കത്ത്: ഒമാനിലെ ഇബ്രയിൽ പാഴ്വസ്തുക്കളിൽനിന്ന് നിർമിച്ച 21 മീറ്റർ ഉയരവും ആറു മീറ്റർ വീതിയുമുള്ള വൻ വാതിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഈന്തപ്പനയുടെയും പ്ലാസ്റ്റിക്കിലെ പാഴ്വസ്തുക്കൾ ഉപയോഗിച്ചുമാണ് വാതിൽ നിർമിച്ചത്.പുനഃചംക്രമണ വസ്തുക്കളിൽ നിന്നുണ്ടാക്കിയ ഏറ്റവും വലിയ വാതിൽ എന്ന പേരിലാണ് ഇത് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഇബ്രയിലെ അൽ ആഖിൽ അൽ അഹ്ലിയ എന്റർപ്രൈസസാണ് കൈപ്പണി മാത്രം ഉപയോഗപ്പെടുത്തി വാതിൽ നിർമിച്ചിരിക്കുന്നത്.
52 അലങ്കാര ആണികൾകൊണ്ടാണ് വാതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒമാന്റെ 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് വാതിൽ ഗിന്നസ് ബുക്ക് ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രദർശിപ്പിച്ചത്.ആറു മാസം മുമ്പുതന്നെ വാതിലിന്റെ പണി ആരംഭിച്ചതായും ഗിന്നസ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പദ്ധതിയിൽ ഏറെ ആശ്ചര്യം കാണിച്ചതായും കമ്പനി അധികൃതർ പറഞ്ഞു. പ്ലാസ്റ്റിക് പാഴ്വസ്തുക്കളിൽനിന്നും ഈന്തപ്പനയുടെ ഭാഗങ്ങൾകൊണ്ടും വാതിൽ നിർമിക്കൽ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും അധികൃതർ പറഞ്ഞു. ഈന്തപ്പന യുടെയും പ്ലാസ്റ്റിക്കിന്റെയും പാഴ്വസ്തുക്കൾ മസ്കത്ത്, ബർക്ക, അൽ അമിറാത്ത്, വടക്കൻ ശർഖിയ്യയിലെ ചില വിലായത്തുകൾ എന്നിവിടങ്ങളിൽനിന്നാണ് ശേഖരിച്ചത്. ഇതിന്റെ നിർമാണപ്രക്രിയ ഏറെ സമയമെടുക്കുന്നതായിരുന്നു. ഇതിന് നല്ല ക്ഷമയും ആവശ്യമായിരുന്നു.
പ്ലാസ്റ്റിക് പാഴ്വസ്തുക്കളുടെ അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും ഈന്തപ്പനയുടെ ഭാഗങ്ങൾ പുനഃചംക്രമണം നടത്തുകവഴി രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്ന സന്ദേശം പ്രചരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ഈ വാതിൽ നിർമാണത്തിലൂടെ ഒമാനി യുവാക്കളിൽ പുനഃചംക്രമണം എന്ന ആശയം പ്രചരിപ്പിക്കാൻ കഴിയുമെന്നും കമ്പനി അധികൃതർ പറഞ്ഞു.പാഴ്വസ്തുക്കൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ എറിയാൻ പാടില്ലെന്നും പ്ലാസ്റ്റിക് ബാഗുകൾക്കുപകരം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ പ്രചാരണത്തിൽ വരണമെന്നുമുള്ള ആശയമാണ് പ്രചരിപ്പിക്കുന്നത്. 45 സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് വാതിൽ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.