മസ്കത്ത്: ഖത്തറിൽ നടക്കുന്ന പ്രഥമ ഗൾഫ് ട്വന്റി20 ഇന്റർനാഷനൽ (ട്വന്റി20 ഐ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിനായി ഒമാൻ ശനിയാഴ്ച ഇറങ്ങും. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 5.30നാണ് കളി തുടങ്ങുക. ടൂർണമെന്റിനുള്ള ടീമിനെ കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആക്വിബ് ഇല്യാസ് നയിക്കുന്ന ടീമിൽ പുതുമുഖ താരം ഇടൈങ്കയൻ സ്പിന്നർ ഷക്കീൽ അഹ്മദ് ഇടം നേടിയതാണ് ശ്രദ്ധേയമായ മാറ്റം. അയാൻ ഖാനാണ് വൈസ് ക്യാപ്റ്റൻ. മികച്ച കളി പുറത്തെടുക്കുമെന്ന് കോച്ച് ദുലീപ് മെൻഡിസ് ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി അറിയിച്ചിരുന്നു.
ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (ക്യു.സി.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക് പുറമെ സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യു.എ.ഇ എന്നീ ആറു ടീമുകളാണുള്ളത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ കലാശക്കളിയിലേക്ക് യോഗ്യത നേടും. 17ന് ഖത്തർ, 19ന് ബഹ്റൈൻ, 20ന് സൗദി, 22ന് കുവൈത്തിനെതിരെയും ഒമാൻ ഏറ്റുമുട്ടും. ഒമാൻ സ്ക്വാഡ്: ആക്വിബ് ഇല്യാസ് (ക്യാപ്റ്റൻ), അയാൻ ഖാൻ (വൈസ് ക്യാപ്റ്റൻ), ജതീന്ദർ സിങ്, കശ്യപ് പ്രജാപതി, ഷോയിബ് ഖാൻ, മുഹമ്മദ് നദീം, മുഹമ്മദ് നസീം ഖുഷി, കലീമുല്ല, ജയ് ഒഡെദ്ര, ബിലാൽ ഖാൻ, റഫിയുല്ല, ഷക്കീൽ അഹ്മദ്, ഫയാസ് ബട്ട്, മെഹ്റാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.