മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവരിൽനിന്ന് 13,933 തീർഥാടകർ നടപടികൾ പൂർത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷൻ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് മൊത്തം തീർഥാടകരുടെ 99.8 ശതമാനം വരും. 28 തീർഥാടകർ മാത്രമാണ് ഇനി ഹജ്ജിനു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ഈ വർഷം14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളതെന്ന് മിഷൻ മേധാവി സുൽത്താൻ ബിൻ സഈദ് അൽ ഹിനായ് പറഞ്ഞു.
ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരും ആണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ഹജ്ജിന് പോകുന്നത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്. 19.86 ശതമാനവുമായി വടക്കൻ ബത്തിനയാണ് തൊട്ടടുത്ത്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം.
പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ആകെയുള്ള അപേക്ഷകരിൽ സ്ത്രീയും പുരുഷനും എതാണ്ട് തുല്യമാണ്. സ്ത്രീകൾ 49.9 ശതമാനവും പുരുഷന്മാർ 50.1ശതാമനവുമാണ്. 30-45 വയസിന് ഇടയിൽ പ്രായമുള്ളവരിൽ 41.7 ശതമാനവും 46-60 വയസിന് ഇടയിൽ വരുന്നവർ 36.7 ശതമാനവുമാണുള്ളത്.
16.8 ശതമാനപേർ 60 വയസ്സിന് മുകളിലുള്ളവരും 18-29 വയസ്സി ന് ഇടയിലുള്ളവർ 4.9 ശതമാനവും വരും. 8,466 തീർഥാടകർ അതായത് 60.4 ശതമാനം പേർ വിമാനമാർഗവും 5,534 തീർഥാടകർ റോഡ് വഴിയുമാണ് ഹജ്ജിനായി പോകുക.
ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ്. മിനയിലെയും അറഫയിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ് (2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
അതേസമയം, ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും.
ഒക്ടോബർ 22നായിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നത്. ഈവർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.