മസ്കത്ത്: ഒമാനിലെ കളിക്കളങ്ങൾക്ക് ആവേശമായി കുറ്റ്യാടി കായക്കെടി സ്വദേശി ഹമീദ്ക്കയുണ്ടാവും. ബർക്കയിൽ റുബുഹുൽ ഹറം കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ബർക്ക അബ്ദുൽ ഹമീദ് ഒരു കായിക പ്രേമിയാണ്. ഒമാനിൽ എവിടെ കളികൾ നടക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം ഇദ്ദേഹത്തെ കാണാനാകും. ഫുട്ബാളെങ്കിൽ സ്വന്തം ടീമിനൊപ്പമാകും എത്തുക. പ്രായവും അനാരോഗ്യവും മറന്ന് ടീമിനെ ആവേശം കൊള്ളിക്കാനും പിന്തുണ നൽകാനും ഗാലറിയിൽ ഹമീദ്ക്കയെ കാണാം.
മത്സരങ്ങൾ നടക്കുന്ന വേദികളിൽ ആദ്യ വിസിൽ മുഴങ്ങുന്നത് മുതൽതന്നെ കളിക്കളത്തിലും ഗാലറിയിലും ഹമീദ്ക്ക ഉണ്ടാവും. കളി കഴിഞ്ഞ് ആരവങ്ങൾ കെട്ടടങ്ങിയാൽ മാത്രമാണ് കളംവിടുക. വോളീബാളടക്കം എല്ലാ കായിക വിനോദങ്ങളോടും ഇമ്പമുണ്ടെങ്കിലും ഫുട്ബാളാണ് ഹമീദ്ക്കയുടെ രക്തത്തിൽ ഒഴുകുന്നത്. അതിനാൽ ഒമാനിൽ ഹമീദ്ക്കയില്ലാത്ത ഫുട്ബാൾ മത്സരമില്ല. കളിക്കളങ്ങളിൽ കുടുംബ സമേതമാണ് എത്തുന്നത്. ബൗഷർ സ്റ്റേഡിയത്തിൽ നടന്ന സോക്കർ കാർണിവലിലും ആദ്യവസാനം ആവേശം വിതറാൻ ഹമീദ്ക്കയുണ്ടായിരുന്നു.
കുഞ്ഞുനാൾ മുതൽ കലയും കായികവും ആവേശമായിരുന്നുവെന്ന് ഹമീദ്ക്ക പറയുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒമാനിൽ സ്ഥാപനം തുടങ്ങിയതുമുതൽ തന്നെ കളിയെയും പ്രോത്സാഹിപ്പിച്ചിരുന്നു. ക്രമേണ സ്ഥാപനത്തിലെ ജീവനക്കാർക്ക് കളിക്കാൻ കളിസ്ഥലം ഒരുക്കികൊണ്ട് ഹമീദ്ക്ക മാതൃകയായി. ഈ കളിസ്ഥലത്ത് എല്ലാ ദിവസവും വിവിധ കളികൾ നടക്കുന്നുണ്ട്.
സ്വന്തമായി ഫുട്ബാൾ ടീം രൂപവത്കരിച്ചതോടെ കളി മേഖലയിൽ കൂടുതൽ സജീവമായി. ഇതോടെ ഒമാനിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളിലും ഹമീദ്ക്കയും അദ്ദേഹത്തിന്റെ ടീമായ ടോപ് ടണ്ണും ഉണ്ടാവും. ഒരു സീസണിൽ പത്തിലധികം മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് ടോപ് ടൺ. സ്ഥാപനത്തിൽ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ കളിക്കാർക്ക് മുൻഗണന നൽകാറുണ്ട് ഇദ്ദേഹം. അടുത്തിടെ കേരളത്തിൽനിന്നുള്ള രണ്ട് പ്രമുഖ ഫുട്ബാൾ കളിക്കാരെ ഹമീദ്ക്ക കമ്പനിയിൽ ജോലി നൽകിയിരുന്നു. പ്രമുഖമായും കളി തന്നെയാണ് ഇവരുടെ പണി. ഇവരിൽ എട്ട് കളിക്കാർ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നതായി ഹമീദ്ക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.