മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ നടത്തുന്ന ഹീൽമി കേരളയിലെ സ്റ്റാളുകൾ സ്വദേശികളുടെയും വിദേശികളുടെയും മനംകവരുന്നു. കഴിഞ്ഞ ദിവസം പ്രദർശനനഗരിയിലെത്തിയ സ്വദേശി പൗരന്മാരിൽ അധികവും ഇന്ത്യൻ സ്റ്റാളുകൾ തേടി വന്നവരായിരുന്നു, പ്രത്യേകിച്ചും കേരളത്തിൽനിന്നുള്ളവ. ചികിത്സക്കായി കേരളത്തിലേക്കു പോകുകയും ആതുര സേവന രംഗത്തെ മലയാളമണ്ണിന്റെ മഹത്ത്വം മനസ്സിലാക്കിയവരുമായിരുന്നു ഇവരിൽ അധികപേരും. കേരള പവിലിയൻ തേടിയെത്തുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർക്ക് കൃത്യമായ വിവരങ്ങളും മാർഗനിർദേശങ്ങളുമാണ് നൽകുന്നത്. പലർക്കും വിദഗ്ധ ചികിത്സക്കും പരിശോധനക്കുമായി കേരളത്തിലേക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ സ്റ്റാളുകളിലും തങ്ങളുടെ ആരോഗ്യസ്ഥാപനങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളെയും നൂതന ചികിത്സരീതികളെയുംകുറിച്ചാണ് വിശദീകരിക്കുന്നത്. ഓരോ പവിലിയനിൽനിന്നും കൃത്യമായ വിവരങ്ങളാണ് ലഭിച്ചതെന്ന് ഒമാനി പൗരന്മാർ പറഞ്ഞു. കേരളത്തിൽനിന്നുള്ള പ്രമുഖരായ 20ലധികം ആരോഗ്യസ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്. ഒമാനിൽനിന്ന് ആയുർവേദ, ട്രാവൽ സ്ഥാപനങ്ങളും പങ്കാളികളായുണ്ട്.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് പ്രവേശന സമയം. മേള ബുധനാഴ്ച സമാപിക്കും. ഇതിനകം ആയിരക്കണക്കിനാളുകളാണ് സന്ദർശകരായെത്തിയത്. സമാപന ദിവസമായ ഇന്ന് കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷത്തെ അനുഭവസമ്പത്തുമായാണ് ‘ഗൾഫ് മാധ്യമം’ ഇത്തവണ പവിലിയൻ ഒരുക്കിയിരിക്കുന്നത്.
പ്രമേഹം, നടുവേദന, വന്ധ്യത, നേത്ര രോഗം, ഇ.എൻ.ടി, ആയുർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാകുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ‘ഗൾഫ് മാധ്യമം’ ഹീൽമി കേരള പവിലിയനിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.