മസ്കത്ത്: രാജ്യത്തേക്ക് നുഴഞ്ഞുയറുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. രാജ്യത്തേക്ക് പാസ്പോർട്ടടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നതാണ് നുഴഞ്ഞുകയറ്റമെന്ന് ക്യാപ്റ്റൻ സഈദ് സലീം അൽ മഹ്റാസി ഒമാൻ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവിടത്തെ ഏറ്റവും വലിയ അപകടം, ചെലവ് കുറക്കുന്നതിന്റെ ഭാഗമായി പലരും ഇത്തരക്കാരെ ജോലിക്കെടുക്കുന്നുണ്ട്.
ഇവരിൽ പലരും കുറ്റകൃത്യങ്ങളുടെയും മറ്റുംമൂലം അവരുടെ സ്വന്തം രാജ്യത്തുള്ള അധികാരികളോ സുരക്ഷാ അധികാരികളോ ആവശ്യപ്പെടുന്ന വ്യക്തികൾ ആയേക്കാം. മയക്കുമരുന്നുപോലുള്ള കള്ളക്കടത്തുകളും ഇവർക്കുണ്ടായേക്കാമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാൻ ഫോറിനേഴ്സ് റെസിഡൻസി നിയമമനുസരിച്ച്, അനധികൃതമായി പ്രവേശിക്കുന്നയാൾക്ക് ഒരുമാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവും 100നും 500 റിയാലിനും ഇടയിൽ പിഴയും ലഭിക്കും.
ഇത്തരക്കാരെ ജോലിക്കോ താമസ സൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് 1,000-2,000 റിയാലിന് ഇടയിൽ പിഴയും ഏകദേശം 10 ദിവസം മുതൽ ഒരുമാസംവരെ തടവും ലഭിക്കും. അനധികൃതമായി എത്തുന്നവരെകുറിച്ചുള്ള മറ്റൊരു പ്രശ്നമാണ്, പിടിക്കപ്പെട്ടാൽ അവരെക്കുറിച്ച് അധികാരികളുടെ പക്കൽ യാതൊരു വിവരങ്ങളും ഇല്ല എന്നുള്ളത്. ആയുധ കൈമാറ്റം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഇവർ ഉൾപ്പെടാനും സാധ്യതയുണ്ട്.
യാതൊരു രേഖകളുമില്ലാതെ ഒരാളെ താമസിപ്പിക്കുകയോ ജോലിക്കെടുക്കുകയോ ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് അധികൃതർ ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. ഒരു നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങൾക്കായി അദ്ദേഹത്തെ ഉടൻ റഫർ ചെയ്യുമെന്നും ആർ.ഒ.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.