മത്ര: ചൊവ്വാഴ്ച അര്‍ധരാത്രയില്‍ പെയ്ത മഴ അക്ഷരാർഥത്തില്‍ ഭീതി വിതച്ചുകൊണ്ടാണ് കടന്നുപോയത്. ശക്തമായ മഴക്കൊപ്പം കാറ്റും മിന്നലുമുണ്ടായതാണ് ആളുകളില്‍ ഭീതി നിറച്ചത്.
ഒരു വേള മഴവെള്ളം ഇരച്ചുപൊന്തി കടകളിലൊക്കെ കയറി നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭയവും കച്ചവടക്കാരില്‍ സൃഷ്ടിച്ചിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച മുന്നൊരുക്കങ്ങള്‍ സൂഖിലെ കച്ചവക്കാര്‍ നടത്തിയിരുന്നു. ഞായറാഴ്ച മുതല്‍ ഭാഗികമായി മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നുള്ളു.
സാധാരണ രണ്ട് ദിവസമാണ് സൂഖിലെ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്കായി അടച്ചിടാറുള്ളത്. ഇത്തവണ മൂന്നാം പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ മൂന്ന് ദിവസം സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. അതിനിടയില്‍ അവധി ആലസ്യം വെടിഞ്ഞ് ശനിയാഴ്ചയാണ് പൂര്‍ണമായും തുറന്നത്. അതുകഴിഞ്ഞ് മഴ ഭീഷണി നിലനിക്കുന്നതിനാല്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം ഭാഗിക അവധി തന്നെയായിരുന്നു. എന്നാല്‍, മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്ന ഞായര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പകല്‍ നേരത്ത് ദുര്‍ബലമായ മഴ മാത്രമേ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നുള്ളൂ. അതേസമയം ചൊവ്വാഴ്ച അര്‍ധരാത്രി മുതലും പലിശയും എന്ന് പറയാറുള്ളത് പോലുള്ളത്ര മഴയാണ് പെയ്തിറങ്ങിയത്.
ഏകദേശം ഒരു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്തതാണ് പ്രദേശവാസികളിലും കച്ചവടക്കാരിലും ആശങ്കയുടെ മുള്‍മുന തീര്‍ത്തത്. രാത്രി ഏറെ വൈകി മഴ പെയ്തതിനാല്‍ വാഹനങ്ങളില്ലാത്തത് ഗുണമായി. സാധാരണ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നാലാണ് വെള്ളമൊഴുക്കിന് തടസ്സമായി തീരുന്നതും അതുവഴി കടകളില്‍ വെള്ളം കയറാനും ഇടവരുത്താറുമുള്ളത്. വാഹനങ്ങള്‍ സൂഖിന് മുന്നിലുള്ള റോഡിലൂടെ വരാത്തതിനാല്‍ വാദിയായി വന്ന നീരൊഴുക്ക് തടസ്സമില്ലാതെ കോര്‍ണീഷ് കടലിലേക്ക് ഒഴുകിപ്പോയത് ഗുണകരമായി തീരുകയായിരുന്നു.
ബുധനാഴ്ച പകലും പോര്ബമ്പ സൂഖിലൂടെ വെള്ളമൊഴുകിക്കൊണ്ടിരുന്നതിനാല് ബുധനാഴ്ചയും സൂഖിന്റെ രണ്ടാം കവാട ഭാഗങ്ങളിലുള്ള കടകള്‍ തുറന്നില്ല. പറയത്തക്ക നാശനഷ്ടങ്ങളില്ലാതെ മഴ പെയ്ത് തീര്‍ന്നതില്‍ ആശ്വസിക്കുകയാണ് വ്യാപാരി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.