മസ്കത്ത്: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും തുടരുന്നു. രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19 പേർ മരിച്ചു. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാര്‍ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച മരിച്ച മലയാളി.
തിങ്കളാഴ്ച സ്ത്രീയുടെയും കുട്ടിയുടെയും ഉൾപ്പെടെ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് നാലുപേരുടെ മൃതദേഹവും മൂന്നുപേരുടെ മൃതദേഹം ദാഖിലിയ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽനിന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെത്തി. ഞായറാഴ്ച 12 പേർ ആയിരുന്നു മരിച്ചിരുന്നത്. ജീവൻ പൊലിഞ്ഞവയിൽ പത്തുപേരും കുട്ടികളാണ്. മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ ആയിരുന്നു കുട്ടികൾ ഒലിച്ചുപോയത്. ഇവിടെ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
വാദി കുത്തിയൊലിച്ചതിനെതുടർന്ന് സുനിൽകുമാർ നടത്തിയിരുന്ന വർക്ഷോപ്പിന്റെ മതിലിടിഞ്ഞായിരുന്നു മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 15 വർഷത്തോളമായി ബിദിയ സനായയ്യിൽ വർക്ഷോപ്പ് നടത്തിവരികയാണ് സുനിൽകുമാർ. ദിവ്യയാണ് മരിച്ച സുനിലിന്റെ ഭാര്യ. മകള്‍: സ്വാതി സുനില്‍.
നിരവധിപേർ വിവിധ പ്രദേശങ്ങളിലെ വാദിയിൽ കുടുങ്ങിക്കിടക്കുന്നുതായി റിപ്പോർട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് നാഷനൽ മൾട്ടി ഹസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചിട്ടുള്ളത്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വിവിധ ഇടങ്ങളിലായി കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ തുടരുന്നത്. ഏറ്റവും കൂടുതൽ ആൾ നഷ്ടവും നാശവും വരുത്തിയത് വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിവിധയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു.
ഉൾഗ്രാമങ്ങളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. മുൻകരുതൽ നടപടികളുടെ ഭാഗമായി അമീറാത്ത്-ബൗഷർ ചുരം റോഡ് താൽക്കാലികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, മസ്കത്തിന്‍റെ നഗരപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥയായിരുന്നു. വടക്കൻ ശർഖിയയിൽ മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും മന്ത്രിമാരുടെ കൗൺസിൽ യോഗം അനുശോചനം അറിയിച്ചു. സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും അനുശോചനം രേഖപ്പെടുത്തി.
മരിച്ച സുനിൽ കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.