മസ്കത്ത്: ഒമാനിൽ അനുഭവപ്പെടുന്ന കടുത്തചൂട് വേനൽ കാല കൃഷികളെയും പ്രതികൂലമായി ബാധിക്കുന്നു. ചൂട് കാരണം വിവിധതരം കീടങ്ങൾ കാർഷിക വിളകളെ ആക്രമിക്കുകയും രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു. വിളകളുടെ ഉൽപാദക ക്ഷമതയെ മാത്രമല്ല വളർച്ചക്കും ഇത് തടസ്സമാകുന്നുണ്ട്. ഇക്കാരണത്താൽ കൃഷിയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്ന് കാർഷിക വിദഗ്ധർ പറയുന്നു.
കാർഷിക വിളകൾക്കു ചുറ്റും ഇലകളിടണമെന്നും ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും നേരിട്ടുള്ള സൂര്യ പ്രകാശം പതിക്കുന്നത് തടയുകയും ചെയ്യും. പരമ്പരാഗത രീതികൾ കാർഷിക മേഖലയിൽ നടപ്പാക്കുന്നത് കാർഷിക വിളകളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും സഹായകമാവും. മണ്ണിൽ ഇലകൾ ചേർത്ത് കൃഷി ചെയ്യുന്നതാണ് പരമ്പരാഗത രീതി. മരങ്ങളും മറ്റും അധികം ഉയരത്തിലല്ലാതെ വളർത്തുന്നതും മറ്റൊരു രീതിയാണ്.
ഉയർന്ന കൊമ്പുകളുളള മരങ്ങളിൽ നേരിട്ടുള്ള സൂര്യ പ്രകാശം പതിക്കുമെന്നും അതിനാൽ അവയുടെ കൊമ്പുകൾ ചെറുതാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഒമാനിൽ കൃഷിക്ക് എറ്റവും പറ്റിയ മാസം ഡിസംബർ, ജനുവരിയാണ്. അതിരാവിലെയാണ് കൃഷികൾക്ക് വെള്ളം നനക്കേണ്ടത്. നൈട്രജൻ, പൊട്ടാസിയം തുടങ്ങിയ വളങ്ങളാണ് നൽകേണ്ടത്.
ചൂട് കാലത്ത് ചൂടിനോടും വരൾച്ചയോടും താതാത്മ്യം പാലിക്കുന്ന കൃഷികളാണ് നടേണ്ടത്. ജലസേചന പദ്ധതികളും മഴ വെള്ളവും ആധുനിക സാങ്കേതികവിദ്യയും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തണം. ഓരോ സീസണും അനുയോജ്യമായ കൃഷികളാണ് നടത്തുന്നതെങ്കിൽ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുന്ന പ്രയാസങ്ങൾ കുറക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.