മസ്കത്ത്: ഗൾഫ് കപ്പ് ഫൈനലിന്റെ കളികാണാനായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഫാൻ ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആരാധകർ. സ്വദേശി ആരാധകർക്കൊപ്പം ഒമാനിലെ പ്രവാസികളായ ഇറാഖികളുമായിരുന്നു കളി കാണാനെത്തിയിരുന്നത്. ഒമാനി ആരാധകർ പതിവുപോലെ ചെണ്ടയും വാദ്യോപകരണങ്ങളുമായി എത്തിയപ്പോൾ ഇറാഖി ആരാധകർ ദേശീയ പതാകകളുമായാണ് കളികണ്ടത്.
മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ ഇരുകൂട്ടരും ടീമിന് പിന്തുണയുമായി ആഘോഷ പരിപാടികളിൽ ഏർപ്പെട്ടിരുന്നു. ആദ്യ ഗോൾ നേടിയതോടെ ഇറാഖി ആരാധകരുടെ ആവേശം അണപൊട്ടി. 85ാം മിനിറ്റിൽ ഒമാന്‍ അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ ആരാധകർ പൊട്ടിത്തെറിച്ചു. എന്നാൽ, ജമീൽ അൽ യമാദിയുടെ കിക്ക് പാഴാക്കിയത് അവരിൽ നിരാശ പടർത്തി.
ഫൈനലിന്റെ എല്ലാ ആവേശച്ചേരുവകളും നിറഞ്ഞ മത്സരത്തിൽ ഒടുവിൽ ഇറാഖ് കിരീടം ചൂടിയപ്പോൾ കണ്ണീരണിഞ്ഞാണ് ഫെസ്റ്റിവൽ നഗരിയിൽനിന്ന് ഒമാൻ ആരാധകർ മടങ്ങിയത്. ഇറാഖി ആരാധകർ കൂറ്റൻ സ്ക്രീനിനു മുന്നിൽ ആഹ്ലാദനൃത്തം ചവിട്ടുകയും ചെയ്തു.
അതേസമയം, എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ ഇറാഖ് നേടിയ ഗോൾ ഓഫ് സൈഡാണെന്ന തരത്തിലുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.