മസ്കത്ത്: ലോകത്തിലെ വലിയ ആഡംബര കപ്പലുകളിലൊന്നായ ഐഡ കോസ്മ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. ഈജിപ്തിൽനിന്ന് വരുന്ന കപ്പൽ സലാല സന്ദർശനം പൂർത്തിയാക്കിയാണ് എത്തിയത്. ഇറ്റാലിയൻ കപ്പലിൽ 4,507 വിനോദസഞ്ചാരികളാണുള്ളത്. സഞ്ചാരികൾ മത്രയടക്കമുള്ള പരമ്പരാഗത മാർക്കറ്റുകളും മറ്റ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കും. ഖാബൂസ് തുറമുഖത്ത് വിനോദസഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി.
സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ, പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തിയിരുന്നു. രാജ്യത്തെ ഈ സീസണിലെ ക്രൂസ് സീസണ് തുടക്കം കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ആഡംബര കപ്പലുകൾ ഒമാനിലെത്തിയിരുന്നു. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ്-6 ആണ് സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയത്. ആഗോളതലത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് സുൽത്താനേറ്റ്. അതിനാൽ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് മന്ത്രാലയം നടത്തുന്ന പ്രമോഷന്റെ ഭാഗമായി ക്രൂസ് മേഖലയിൽ വളർച്ചയും ഉണർവുമുണ്ടാകുമെന്നാണ് കരുതുന്നത്.
ഈ സീസണിൽ സുൽത്താൻ ഖാബൂസ്, ഖസബ്, സലാല തുറമുഖങ്ങളിൽ 200ലധികം ക്രൂസ് കപ്പലുകളും യാച്ചുകളും എത്തിച്ചേരുമെന്നാണ് കരുതുന്നത്. കോവിഡ് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഈ സീസണിനെ ക്രൂസ്, അനുബന്ധ മേഖലകൾ നോക്കിക്കാണുന്നത്. തുടക്കത്തിലെ സഞ്ചാരികളുടെ വരവ് ടൂറിസം രംഗത്ത് ഉണർവ് പകർന്നിട്ടുണ്ടെന്ന് മത്രയിലെ വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.