മസ്കത്ത്: സമാധാനത്തിെൻറ സന്ദേശവുമായി എത്തുന്ന ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങി. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷത്തോളമായി ക്രിസ്മസ്-ഈസ്റ്റർ ആഘോഷ പ്രാർഥനകൾ വിശ്വാസികൾ ഓൺലൈനിലൂടെയാണ് നടത്തിയത്. നിയന്ത്രണങ്ങളിൽ ഇളവുകളുള്ളതിനാൽ പള്ളികളിൽ തന്നെ പ്രാർഥന നിർവഹിക്കാൻ സാധിക്കും എന്നുള്ള സന്തോഷത്തിലാണ് വിശ്വാസികൾ.
എന്നാൽ, ക്രിസ്മസിനോട് അനുബന്ധിച്ചു പള്ളികളിൽ ഉണ്ടാകാറുള്ള ഗായക സംഘങ്ങളുടെ കരോൾ പരിപാടികളും മറ്റു കലാപരിപാടികളും സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ക്രിസ്മസിന് തലേന്ന് കോവിഡ് മാനദണ്ഡൾ പാലിച്ച് പ്രാർഥനകൾ പള്ളികളിൽ ഉണ്ടാകുമെന്ന് വിവിധ പള്ളി ഭാരവാഹികൾ പറഞ്ഞു.
പള്ളികളിൽ പ്രവേശിക്കുന്നതിന് ഇപ്പോഴും കർശനമായ മാർഗനിർദേശങ്ങൾ ഉണ്ട്. വാക്സിനെടുത്തവർക്കും അതോടൊപ്പം മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഇപ്പോൾ പ്രാർഥനകളും മറ്റും നടക്കുന്നത്. അതേ സമയം വിശ്വാസികൾ വീടുകളിൽ പുൽക്കൂടുകളും നക്ഷത്രങ്ങളും ഒരുക്കി ആഘോഷരാവുകളിലേക്കു കടന്നു.
24,25 തീയതികളിൽ വാരാന്ത്യ അവധിദിനങ്ങൾ ആയതിനാൽ കുടുംബങ്ങളെ സംബന്ധിച്ച് വീടുകളിൽതന്നെയാകും ആഘോഷം. നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകളിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കൂറ്റൻ ക്രിസ്മസ് മരങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ക്രിസ്മസ് കേക്കുകൾ, ചോക്ലറ്റുകൾ, നക്ഷത്രങ്ങൾ, സമ്മാനങ്ങൾ എന്നിവക്കായി പ്രത്യേകം കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ക്രിസ്മസിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കേക്കുകൾ. ബേക്കറികളിൽ കേക്കുകൾക്കു നല്ല വിൽപനയാണെങ്കിലും വിനോദം എന്ന നിലയിൽ ഹോം മേഡ് കേക്കുകൾ ഉണ്ടാക്കുന്ന ആളുകളുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട് . പ്രത്യേകിച്ച് വീട്ടമ്മമാർ ഉണ്ടാക്കുന്ന ഇത്തരം കേക്കുകൾക്കു ഓൺലൈനിൽ ആവശ്യക്കാർ ഏറെയാണ്.
ക്രിസ്മസ് ആഘോഷിക്കാൻ ചെറിയ അവധിക്കായി നാട്ടിലേക്ക് പോകുന്നവരുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണെന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറയുന്നത്. ഗൾഫിൽനിന്ന് വരുന്നവർക്കടക്കം നാട്ടിൽ ഹോം ക്വാറൻറീൻ, സ്വയം നിരീക്ഷണം എന്നിവ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കുറയാൻ കാരണം. അതോടൊപ്പം, രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി യാത്രാ വിലക്ക് ഉൾെപ്പടെയുള്ള കാര്യങ്ങൾ വീണ്ടും വരുമോ എന്ന ആശങ്കയും ഉണ്ട്. നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിൽ ക്രിസ്മസിന് തൊട്ടു മുമ്പ് നടക്കുന്ന പാർട്ടികൾക്കായുള്ള ബുക്കിങ് ആരംഭിച്ചു. എന്നാൽ, ഇപ്പോൾ ബുക്കിങ് മന്ദഗതിയിലാണെന്നും ക്രിസ്മസിന് അടുത്തുള്ള ദിവസങ്ങളിൽ കൂടുതൽ ബുക്കിങ് ലഭിക്കുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.