മസ്കത്ത്: ഫീസ് അടക്കാത്തതിനാൽ ക്ലാസിൽ പോകാൻ കഴിയാതിരുന്ന മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാൾ ഗോൾഡ്.
പത്ത് വിദ്യാർഥികളുടെ ആദ്യപാദ ഫീസടച്ച് അവരുടെ പഠനത്തിന് ഭംഗം വരാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മലബാൾ ഗോൾഡ് ഒമാൻ റീജനല് ഹെഡ് കെ. നജീബ് പറഞ്ഞു. ഫീസ് അടക്കാത്തതിനാൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റാത്തതിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മലബാർ ഗോൾഡ് അധികൃതർ സഹായവുമായെത്തിയിരിക്കുന്നത്.കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സി.എസ്.ആർ) ഭാഗമായാണ് സഹായം നൽകുന്നതെന്നും നിരവധി സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നും നജീബ് പറഞ്ഞു.സാമൂഹ്യ പ്രവർത്തകരും മറ്റും നൽകുന്ന വിദ്യാർഥികളുടെ പട്ടികയിൽനിന്നും അർഹരായവർക്കായിരിക്കും ആദ്യപാദ ഫീസ് ആനുകൂല്യം നൽകുക.
രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വിവിധ ക്ലാസുകളിലായി പത്തിലധികം വിദ്യാർഥികളുടെ പഠനമാണ് അവതാളത്തിലായിരിക്കുന്നത്. ക്ലാസിൽ കയറ്റാത്തതിനാൽ പല വിദ്യാർഥികളും സ്കൂളിലേക്ക് പോകുന്നതും നിർത്തിയിരുന്നു. ബിസിനസ് തകർന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളുമാണ് ഫീസടക്കാൻ കഴിയാത്തതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വിദ്യാർഥികളുടെ മാനസിക നിലയെ ബാധിക്കുന്നതാണ് സ്കൂൾ അധികൃതരുടെ നടപടി. ഫീസടച്ച് തീർക്കാൻ കുറച്ചു സമയം നീട്ടിത്തരണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയും ഉണ്ടാകുന്നില്ല. സംഭവം ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇദ്ദേഹം സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. ഇരു വിഭാഗവും അങ്ങോട്ടും ഇങ്ങോട്ടും തട്ടി വിദ്യാർഥികളുടെ ഭാവി തകർക്കുകയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇനിയും മോചിതരായിട്ടില്ല. കുടുംബവുമായി കഴിയുന്നവർ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ മുണ്ടുമുറുക്കിയാണ് നിറവേറ്റിപ്പോരുന്നത്. അനുദിനം കുതിച്ചുയരുന്ന ചെലവുകൾക്കൊപ്പം ബിസിനസ് മേഖലയിലെ മാന്ദ്യതയും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അതിനാൽ ഫീസടക്കാൻ കഴിയാത്ത വിദ്യാർഥികളുടെ കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സാമ്പത്തിക പ്രയാസം നേരിടുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണെന്ന് വിവിധ ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം സർക്കുലർ അയച്ചു. മാതാവിന്റെയും പിതാവിന്റെയും റസിഡന്റ് കാർഡ്,സാലറി സർട്ടിഫിക്കറ്റ്, കമ്പനിയിൽനിന്നുള്ള സാലറി സ്ലിപ്പ്, വാടക കരാർ രേഖകൾ, കടകൾ ഉൾപ്പെടെ വാണിജ്യ സംരംഭങ്ങൾ നഷ്ടപ്പെട്ടതിന്റെ രേഖകൾ,ശമ്പള ഇടപാടുകൾ വ്യക്തമാക്കുന്ന ജനുവരി മുതൽ ജൂൺ വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, സ്പോൺസർമാരുടെ കത്ത് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം.
500 റിയാലിൽ താഴെ മാസ വരുമാനമുള്ള രക്ഷിതാക്കൾക്കാണ് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് ഇളവുണ്ടാകുക. സ്പോൺസറുടെ കത്തിന്റെ രൂപം അപേക്ഷാ ഫോത്തിനൊപ്പം നൽകിയിട്ടുണ്ട്. സ്കൂൾ വെബ്സൈറ്റിൽനിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം. പ്രവൃത്തി ദിവസം രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30വരെ മസ്കത്ത് ഇന്ത്യൻ സ്കൂൾ ഓഫിസിലും നേരിട്ട് അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ചവർ ഈ വർഷം വീണ്ടും അപേക്ഷിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.