മസ്കത്ത് : ആരോഗ്യ പരിപാലനത്തിൽ ഇന്ത്യ- ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ച് മസ്കത്തിലെ ഇന്ത്യന്‍ എംബസി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) ആറാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റിന്റെയും പതിനൊന്നാമത് കേരള ഹെൽത്ത് ടൂറിസം സമ്മിറ്റിന്റെയും കർട്ടൻ റൈസറും ഇതോടൊപ്പം നടത്തി.
സി.ഐ.ഐയുടെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ഒമ്പത് പ്രമുഖ ഇന്ത്യൻ ആശുപത്രികൾ പരിപാടിയിൽ പങ്കാളികളായി. ഒമാനിൽനിന്ന് 50 ലധികം ആരോഗ്യമേഖലയിലെ പ്രഫഷനലുകളും ട്രാവൽ ഏജന്റുമാരും പങ്കെടുത്തു.
പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെപ്പറ്റി ചർച്ച നടത്തി. ആരോഗ്യ പരിപാലന മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ മേന്മകൾ പ്രകടിപ്പിക്കാനും ഇന്ത്യൻ പ്രതിനിധി സംഘത്തിന് കഴിഞ്ഞു.
ഒമാനിലെ ആരോഗ്യ പരിപാലന സംവിധാനത്തിലേക്കുള്ള ഇന്ത്യൻ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധേയമായ സംഭാവനകൾ ഇന്ത്യന്‍ അംബാസഡർ അമിത് നാരങ് എടുത്തുപറഞ്ഞു.
കൂടാതെ ആരോഗ്യപരിരക്ഷ തേടുന്ന ഒമാനി പൗരന്മാർക്ക് ഇന്ത്യ, പ്രത്യേകിച്ച് കേരളം ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നതായും ആരോഗ്യ പരിപാലനത്തിന് നൽകുന്ന പ്രാധാന്യമാണ് കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ ആകർഷകമായ കേന്ദ്രമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷനൽ കോഓപറേഷന്‍ ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ഡോ. മോന അൽ ബലൂഷിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സമ്മിറ്റിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.