മസ്കത്ത്: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ വ്യക്തികളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മസ്കത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) കാമ്പയിനിന് സമാപനമായി. ഒരാഴ്ച നീണ്ടുനിന്ന ബോധവത്കരണ കാമ്പയിൻ ആഗസ്റ്റ് 13നാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മിഷൻ ലൈഫ് കാമ്പയിനിലൂടെ പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിട്ടിരുന്നത്.
വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാൻ പ്രചോദിപ്പിക്കുന്ന ബോധവത്കരണമാണ് പരിപാടികളിൽ ഒരുക്കിയത്. കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സംരംഭം ഒരുക്കിയത്. മിഷൻ ലൈഫിന്റെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ സ്ക്രീനിങ്ങോടെയാണ് പരിപാടി ആരംഭിച്ചത്.
അംബാസഡർ അമിത് നാരംഗ് ചടങ്ങിൽ കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര സാഹചര്യവും ലക്ഷ്യം കൈവരിക്കുന്നതിൽ മിഷൻ ലൈഫിന്റെ പങ്കും വ്യക്തമാക്കി. തുടർന്ന് എംബസി വളപ്പിൽ അംബാസഡർ തുളസിച്ചെടി നട്ടുപിടിപ്പിക്കുകയും വീടുകളിൽ സമാനമായ രീതിയിൽ ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ മിഷൻ ലൈഫിന് കീഴിൽ സുസ്ഥിര ജീവിതവും പാരിസ്ഥിതിക അവബോധവും പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്കൂൾ വാദി കബീറിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥിയായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.