മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്ക് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ഊർജിതമാക്കി സ്ഥാനാർഥികൾ. കഴിഞ്ഞ ദിവസം സ്ഥാനാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ സമൂഹ മാധ്യമങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് അറിയിച്ചത്. ഇതോടെയാണ് സ്ഥാനാർഥികൾ വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയത്. പോസ്റ്ററുകളും ചെറു വിഡിയോകളുമാണ് കൂടുതൽ പേരും വോട്ടുറപ്പിക്കാനായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ തങ്ങളുടെ കാഴ്ചപ്പാടുകളും നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുമൊക്കെയാണ് പോസ്റ്ററിലൂടെയും വിഡിയോയിലൂടെയും സ്ഥാനാർഥികൾ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഇത് സ്ഥാനാർഥികളെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുമെന്ന് രക്ഷിതാക്കളും പറയുന്നു. മുൻവർഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയതോടെയാണ് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ സ്ഥാനാർഥികൾക്ക് വഴിതെളിഞ്ഞത്. സ്ഥാനാർഥികളെ കുറിച്ച് കൂടുതൽ അറിയാനായി തെരഞ്ഞെടുപ്പ് കമീഷന്റെ www.indianschoolsboardelection.org വെബ്സൈറ്റിലും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാർഥികളുടെ പഠനം, പരിചയം, യോഗ്യത തുടങ്ങിയവയോടൊപ്പം തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന വിഡിയോയും സൈറ്റിൽ ലഭ്യമാണ്. അതേസമയം, വീടുകൾ കയറിയുള്ള വോട്ടുപിടിത്തവും പുരോഗമിക്കുകയാണ്. സ്ഥാനാർഥികൾക്ക് നേരിട്ട് വോട്ടു ചോദിക്കാൻ പറ്റാത്തതിനാൽ ഇവരെ പിന്തുണക്കുന്നവരാണ് വീടുകൾ കയറി പ്രചാരണം നടത്തുന്നത്. ജനുവരി 21ന് ആണ് വോട്ടെടുപ്പ്. അന്നുതന്നെ വിജയികളെയും പ്രഖ്യാപിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. സജി ഉതുപ്പാൻ, പി.ടി.കെ. ഷമീർ, പി.പി. നിതീഷ് കുമാർ, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറു മലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എം.കെ. ദാമോദർ ആർ. കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഡി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയിദ് അഹ്മദ് സൽമാൻ, വൃന്ദ സിംഗാൽ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു സ്ഥാനാർഥികൾ.
15 അംഗ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കു മാത്രമാണ് വോട്ടവകാശമുള്ളത്. 7260 വിദ്യാർഥികൾ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ 4963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്. ഇത്തവണ 60 ശതമാനത്തിലധികം പേർ വോട്ടു ചെയ്യുമെന്നാണ് സ്ഥാനാർഥികൾ കണക്കുകൂട്ടുന്നത്. ചുരുങ്ങിയത് 400ന് മുകളിൽ വോട്ട് നേടുന്നവരായിരിക്കും ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്താൻ കഴിയുക. വോട്ടെടുപ്പ് സുഗമമാകുന്നതിനുള്ള നടപടികൾ ബാബു രാജേന്ദ്രന് ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പ്രചാരണങ്ങൾക്കും മറ്റും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കെ.എം. ഷക്കീല്‍, ദിവേഷ് ലുമ്പ, മൈതിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരാണ് കമീഷന് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.