മസ്കത്ത്: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂളുകളായ വാദി അൽ കബീറും, വാദി കബീർ കാംബ്രിഡ്ജും. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൗഢോജ്ജ്വലമായ പരിപാടിയിൽ അൽ യുസ്ർ ഇന്റർനാഷനൽ എൽ.എൽ.സി ചെയർമാനും ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ മുൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ യൂസഫ് നൽവാല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാഭ്യാസം, നേതൃത്വം, സാമൂഹിക സേവനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യാതിഥിയെ കിരൺ ആഷർ മൊമന്റോ നൽകി ആദരിച്ചു.
യൂസഫ് നൽവാലയുടെ മകനും അൽ യുസ്ർ ഇന്റർനാഷനൽ എൽ.എൽ.സി മാനേജിങ് ഡയറക്ടറുമായ മുർതാസ, അൽ അൻസാരി ഗ്രൂപ്പിന്റെ സ്ഥാപകനും ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കിരൺ ആഷർ, സ്കൂൾ അധികാരികളായ ഹർഷേന്ദു ഷാ, രാജേന്ദ്ര വേദ്, അൽകേഷ് ജോഷി, സച്ചിൻ തോപ്രാണി, പ്രിൻസിപ്പൽ ഡി.എൻ റാവു എന്നീ വിശിഷ്ട വ്യക്തികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കൂടാതെ മറ്റു വിശിഷ്ട വ്യക്തികൾക്കു പുറമെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സാന്നിധ്യവും പരിപാടിയെ വർണാഭമാക്കി. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ഗവൺമെന്റിന്റെ വീക്ഷണമായ ‘വിക്ഷിത് ഭാരത്’ എന്ന പ്രമേയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
സദസ്സിനേയും വേദിയേയും മനോഹരമാക്കി വിദ്യാർഥികളുടെ ഗാനാലാപനം, മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, മിമിക്രി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.