മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ പരീക്ഷച്ചൂടിലേക്ക്. പത്ത്, 12 ക്ലാസുകളിലെ പൊതു പരീക്ഷയും മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷയും അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഇതോടെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പരീക്ഷച്ചൂടിലേക്കു നീങ്ങി. പത്ത്, 12 ക്ലാസിലെ കുട്ടികൾ പ്രീ ബോർഡ് പരീക്ഷ കഴിഞ്ഞ് പൊതുപരീക്ഷയെ നേരിടാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്. മറ്റു ക്ലാസുകളിലെ കുട്ടികൾ വാർഷിക പരീക്ഷക്കുള്ള ഒരുക്കത്തിലാണ്.
വിദ്യാർഥികളെ സഹായിക്കാൻ രക്ഷിതാക്കളും പങ്കുചേർന്നതോടെ പൊതുസ്ഥലങ്ങളിലും മറ്റും തിരക്ക് കുറഞ്ഞിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷ കഴിയുന്നതുവരെ കുടുംബമായി പുറത്തിറങ്ങുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും കുറവായിരിക്കും.സി.ബി.എസ്.ഇ പരീക്ഷകൾ ഫെബ്രുവരി 15 മുതലാണ് ആരംഭിക്കുന്നത്. വിഷയാടിസ്ഥാനത്തിലായിരിക്കും ഓരോ വിഭാഗത്തിന്റെയും പരീക്ഷകൾ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷകൾ അടുത്ത മാസം ആദ്യത്തോടെ അവസാനിക്കുമെങ്കിലും 12ാം ക്ലാസ് പരീക്ഷ പിന്നെയും നീളും. മറ്റു ക്ലാസുകളിലെ പരീക്ഷകളും അടുത്ത ആഴ്ച തന്നെ നടക്കുന്നുണ്ട്. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ മുതിർന്ന ക്ലാസിലെ പരീക്ഷകൾ ഈ മാസം 15 മുതൽ ആരംഭിക്കും. മിഡിൽ ക്ലാസിലെ കുട്ടികളുടെ പരീക്ഷകൾ ഈ മാസം അവസാനത്തോടെയാണ് ആരംഭിക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പരീക്ഷകൾ ഈ മാസം 18 മുതൽ ആരംഭിക്കും. മറ്റ് ഇന്ത്യൻ സ്കൂളുകകളിൽ സമാന ദിവസങ്ങളിൽതന്നെയാണ് പരീക്ഷകൾ നടക്കുന്നത്.പബ്ലിക് പരീക്ഷ നടക്കുന്ന സ്കൂളുകളിൽ ക്ലാസുകൾ നേരത്തേതന്നെ തീർന്നിരുന്നു. ബോർഡ് പരീക്ഷയിലേക്ക് കുട്ടികളെ തയാറാക്കുന്നതിന്റെ ഭാഗമായി പ്രീബോർഡ് പരീക്ഷകളും നടന്നിരുന്നു. ആവർത്തന പഠനം, കൂട്ടായ പഠനം തുടങ്ങിയ എല്ലാ രീതികളും നടത്തി കുട്ടികളെ മികച്ച വിജയത്തിനായി സജ്ജമാക്കുകയാണ് അധ്യാപകർ. മറ്റ് ക്ലാസുകളിൽ ആവർത്തന പഠനവും സ്റ്റഡി ലീവുമൊക്കെയാണിപ്പോൾ. രക്ഷിതാക്കളും കുട്ടികളെ പരീക്ഷക്ക് തയാറാക്കാൻ ഏറെ പാടുപെടുന്നുണ്ട്. ജോലിസ്ഥലത്തുനിന്ന് അവധിയെടുത്ത് പഠിപ്പിക്കുന്ന രക്ഷിതാക്കളും നിരവധിയാണ്.
12ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത്. ഇവരാണ് കുട്ടികളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ ലീവെടുക്കുന്നത്. മാതാവും പിതാവും ജോലിചെയ്യുന്നവരാണെങ്കിൽ ഘട്ടം ഘട്ടമായി ലീവെടുക്കുന്നവരും ഉണ്ട്. ഇതോടെ പഠനകാര്യങ്ങളിൽ കൂട്ടികളുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാനായി പുറത്തുപോക്കും വിനോദങ്ങളുമൊക്കെ ഒഴിവാക്കുന്നവരും നിരവധിയാണ്. അതിനാൽ ഒമാനിൽ മികച്ച കാലാവസ്ഥ അനുഭവപ്പെട്ടിട്ടും വിനോദസഞ്ചാരകേന്ദ്രങ്ങളിലൊക്കെ പൊതുവെ കുടുംബങ്ങളുടെ സാന്നിധ്യം കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.