മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ ശബ്ദകോലാഹലങ്ങൾക്കും കലപിലകൾക്കും രണ്ടു മാസത്തെ വിട. ഈ വാരാന്ത്യം മുതൽ വിവിധ സ്കൂളുകൾ അടക്കാൻ തുടങ്ങും. ജൂൺ 13 ഓടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും വേനലവധിയിലേക്കു നീങ്ങും. ബൗഷൻ ഇന്ത്യൻ സ്കൂൾ, മസ്കത്ത് ഇന്ത്യൻ സ്കൂൾ, മുലദ്ദ ഇന്ത്യൻ സ്കൂൾ, സീബ് ഇന്ത്യൻ സ്കൂൾ തുടങ്ങിയ സ്കൂളുകൾ ഈ വാരാന്ത്യത്തോടെ അടക്കും.
അൽ ഗ്രൂബ്ര ഇന്ത്യൻ സ്കൂൾ, വാദീ കബീർ ഇന്ത്യൻ സ്കൂൾ എന്നിവ അടുത്ത വാരന്ത്യത്തോടെയാണ് അടക്കുക. ഈ ആഴ്ച അടക്കുന്ന സ്കൂളുകൾ ജൂലൈ അവസാനത്തിലും ബാക്കി സ്കൂളുകൾ ആഗസ്റ്റ് വാരത്തിലും വേനലവധിക്കു ശേഷം തുറന്നു പ്രവർത്തിക്കും.
ഒമാനിൽ കടുത്തചൂട് അനുഭവപ്പെടുന്നതിനാൽ വാദീ കബീർ ഇന്ത്യൻ സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളിൽ സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സ്കൂൾ വേനലവധിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടിലേക്കു പോവാൻ ഒരുങ്ങുകയാണ്. സ്കൂളുകൾ ബലിപെരുന്നാളിനു മുമ്പ് അടക്കുന്നതിനാൽ പലരും പെരുന്നാൾ നാട്ടിൽ ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. അതിനാൽ ഈ വർഷം നാട്ടിൽ പോവുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യും. കുടുംബങ്ങൾ നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഈ വാരാന്ത്യത്തോടെയാണ് നിരക്കുകൾ ഏറ്റവും ഉയരുന്നത്. അവധിക്കാലം മുമ്പിൽകണ്ട് വിമാന കമ്പനികൾ നേരത്തേ തന്നെ നിരക്കുകൾ ഉയർത്തിയിരുന്നു. ഇതോടെ പെരുന്നാൾ അവധിക്കു നാട്ടിൽ പോവുന്ന മറ്റുള്ളവരും ഉയർന്ന നിരക്ക് നൽകേണ്ടിവരും. അതിനാൽ ഒമാനിൽ ദീർഘമായ പെരുന്നാൾ അവധി ലഭിക്കുമെങ്കിലും പലരും പെരുന്നാൾ അവധി നാട്ടിൽ ചെലവഴിക്കുക എന്ന ആഗ്രഹം മാറ്റിവെക്കുകയാണ്.
വേനലവധിക്ക് നിരവധി കുടുംബങ്ങൾ നാട്ടിൽ പോവുന്നത് പ്രധാന നഗരങ്ങളിൽ ആളൊഴിയാൻ കാരണമാകും. സ്കൂൾ അടക്കുന്നതോടെ റോഡുകളിലും തിരക്കു കുറയും. രാവിലെയും ഉച്ചക്കും സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വരുന്ന രണ്ടുമാസക്കാലത്തേക്ക് അപ്രത്യക്ഷമാവും. സ്കൂൾ അവധിക്ക് നിരവധി കുടുംബങ്ങൾ നാട്ടിൽ പോവുന്നത് സൂഖുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും തിരക്കു കുറക്കും. ഹൈപ്പർ മാർക്കറ്റുകളിലെ മറ്റും വ്യാപാരത്തിന് ഉഷാറ് പകരുന്നത് കുടുംബങ്ങളാണ്. ഇതിനെ മറികടക്കാൻ വ്യാപാര സ്ഥാപനങ്ങൾ ഓഫർ അടക്കമുള്ളവ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കും.
വേനലവധിക്ക് നാട്ടിൽ പോവാത്ത കുടുംബങ്ങൾക്കുവേണ്ടി സാംസ്കാരിക സംഘടനകളും മറ്റും വേനൽക്കാല പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ഇവയിൽ പലതും സൗജന്യമാണ്. കുട്ടികളിൽ നിരക്കുകൾ ഈടാക്കി വേനൽകാല ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. നാട്ടിൽ പോവാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ ക്ലാസുകൾ വലിയ അനുഗ്രഹമാവും. അവധിക്കാലത്ത് യൂറോപ്യൻ രാജ്യങ്ങളടക്കം വിനോദ സഞ്ചാരണ കേന്ദ്രങ്ങളിലേക്ക് പോവാൻ പദ്ധതി ഇടുന്നവരും നിരവധിയാണ്.
ചൂട് കനത്തു; ഇന്ത്യൻ സ്കൂളുകളിൽ പഠനം ഓൺലൈനിൽ
മസ്കത്ത്: ചൂട് കനത്തതോടെ മസ്കത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ പഠനം ഓൺലൈൻ ക്ലാസുകളിലേക്കു മാറ്റുന്നു. അടുത്ത ആഴ്ച അവധി തുടങ്ങാനിരിക്കെയാണ് താൽക്കാലികമായി ഓൺലൈൻ പഠനം തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ 50 നടുത്താണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സഹായകമാകുമെന്നാണ് കരുതുന്നത്.
സമയത്തിൽ പുനഃക്രമീകരണം നടത്തിയാണ് ഇന്ത്യൻ സ്കൂൾ മസ്കത്ത് ചൂടിനെ പ്രതിരോധിക്കാനായി സംവിധാനം ഒരുക്കിയിട്ടുള്ളത്. കെ.ജി ഒന്ന്, കെ.ജി രണ്ട് ക്ലാസുകളിൽ രാവിലെ 8.15 മുതൽ 10.30, ഒന്ന് മുതൽ നാലുവരെ ക്ലാസുകളിൽ രാവിലെ 7.50 മുതൽ 12 വരെയും, അഞ്ചിനു മുകളിൽ ക്ലാസുകളിൽ രാവിലെ 7.10 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും പഠനം.
ഇന്ത്യൻ സ്കൂൾ ദാർസൈത്ത് മൂന്നു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പഠനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കിന്റർഗാർഡൻ മുതൽ അഞ്ചാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് ഇന്ത്യൻ സ്കൂൾ ബൗഷർ അവധി നൽകിയിട്ടുണ്ട്. ഇവിടെ ആറാം ക്ലാസിനു മുകളിലുള്ള ക്ലാസിൽ ഓൺലൈൻ പഠനവും നടത്തും.
ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര എല്ലാ ക്ലാസുകളിലും ജൂൺ ആറു മുതൽ 13 വരെ ഓൺലൈനായിരിക്കും പഠനം നടത്തുക. ഉയർന്ന താപനിലയും സൂര്യാഘാതം, ചൂട് ക്ഷീണം എന്നിവയുടെ അപകട സാധ്യതയും കണക്കിലെടുത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്ത് വ്യാഴാഴ്ചവരെ മൂന്നു മുതൽ 12 വരെ ക്ലാസുകളിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷം സ്കൂൾ വേനലവധിക്കായി അടക്കും. സ്കൂളുകളിൽ വേനൽ ആരംഭിക്കുന്നതുവരെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.