മസ്കത്ത്: ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസ് വിലക്ക് നീക്കിയതോടെ പ്രവാസികൾ പ്രതീക്ഷയിൽ. ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് കരുതുന്നത്. രണ്ടു വർഷത്തിലധികമായി നിലനിൽക്കുന്ന അന്താരാഷ്ട്ര വിമാന വിലക്കിന് ഈ മാസം 27 മുതൽ വിരാമമാവും. സർവിസുകൾ സാധാരണഗതി പ്രാപിക്കുന്നതോടെ ടിക്കറ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
ഉയർന്ന നിരക്ക് കാരണം നാട്ടിൽനിന്ന് തിരിച്ചുവരാൻ മടിക്കുന്ന കുടുംബങ്ങൾ അടക്കമുള്ളവർ വീണ്ടും ഒമാനിലെത്തും. നിലവിലെ എയർബബ്ൾ കരാർ മാർച്ച് 27നാണ് അവസാനിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15മുതൽ വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൊടുന്നനെയുണ്ടായ കോവിഡിെൻറ തിരിച്ചുവരവും രോഗ വ്യാപനവും കാരണം തീരുമാനം റദ്ദാക്കി. ഒമാനിലും ഇന്ത്യയിലും സ്കൂൾ അവധി ആരംഭിക്കുന്നതോടെ കുടുംബ സന്ദർശനത്തിനും മറ്റുമായി സുൽത്താനേറ്റിൽ വരാൻ തയാറെടുക്കുന്നവർക്ക് അനുഗ്രഹമാവും.
നാട്ടിൽ പഠിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് സ്കൂൾ അവധിക്കാലത്ത് ഒമാനിലെത്താനും സഹായിക്കും. ഇവരിൽ പലരും കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷമായി ഒമാൻ സന്ദർശിക്കാത്തവരാണ്. എയർ ബബ്ൾ കാരണം സർവിസ് മുടങ്ങിയ ഗോ എയർ, സ്പൈസ് ജറ്റ്, ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ സർവിസ് പുനരാരംഭിക്കുന്നതും അനുഗ്രഹമാവും. ഇപ്പോൾ സർവിസ് നടത്തുന്ന സലാം എയറിെൻറ സേവനം നിർത്താനും സാധ്യതയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ 30 രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ ഒമാനും ഉൾപ്പെടും. ഇതനുസരിച്ച് രണ്ടു ഭാഗങ്ങളിലേക്കുമായി 10,000 സീറ്റാണ് അനുവദിച്ചത്. ഇതിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ്, ഒമാൻ എയർ, സലാം എയർ എന്നിവക്കായിരുന്നു സർവിസിന് അനുവാദം. എയർ ബബ്ൾ ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കിയത്. ഇന്ത്യയിൽനിന്ന് തിരിച്ചുവരുന്നതിന് 300ലും അതിലധികവുമൊക്കെ ഈടാക്കിയിരുന്നു.
എന്നാൽ, ഇപ്പോൾ നിരക്ക് കുറഞ്ഞു. ഒമാനിൽനിന്ന് ഇന്ത്യൻ സെക്ടറിലേക്കുള്ള നിരക്കാണ് കുറഞ്ഞത്. ഇന്ത്യയിൽനിന്ന് തിരിച്ചുവരുന്നതിന് ഇപ്പോഴും 110 റിയാലിൽ കൂടുതലാണ് നിരക്ക്. അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്നത് നിരക്ക് കുറയാൻ കാരണമാകും എന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.