മസ്കത്ത്: അന്താരാഷ്ട്ര ശിൽപ ക്യാമ്പിന് വടക്കൻ ശർഖിയയിലെ മുദൈബിയിൽ തുടക്കമായി. 10 രാജ്യങ്ങളിൽ നിന്നുള്ള 14 ശിൽപികളാണ് ഇവിടെ വിവിധങ്ങളായ ശിൽപങ്ങൾ ഒരുക്കുന്നത്. ‘ഇന്റർനാഷനൽ ഗ്രീൻ ഫോറം’ എന്നപേരിൽ നടക്കുന്ന ക്യാമ്പ് ശനിയാഴ്ച ആരംഭിച്ചെങ്കിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറാണ് ഔദ്യോഗികമായി തുറന്നത്.
ജനുവരി 26ന് നടക്കുന്ന ക്യാമ്പിന്റെ സമാപന ചടങ്ങിൽ ശിൽപികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. അൽ ഖദ്ര ടീം രണ്ടാം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സൂപ്പർവൈസർ യൂസഫ് അൽ റവാഹി പറഞ്ഞു. 14 കലാകാരന്മാരിൽ അഞ്ചുപേർ ഒമാനിൽനിന്നുള്ളവരാണ്. സൗദി, ബഹ്റൈൻ, കുവൈത്ത്, സുഡാൻ, ജോർഡൻ, തുനീഷ്യ, ഇറാൻ, ഇറ്റലി, താൻസനിയ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിനൊപ്പം മാർബ്ൾ, കല്ല്, മരം, കൊത്തുപണി തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം കൈമാറാൻ ശിൽപികൾക്ക് ക്യാമ്പ് അവസരമൊരുക്കുമെന്ന് റവാഹി പറഞ്ഞു.
അന്താരാഷ്ട്ര കലാകാരന്മാരുമായുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കി ഒമാനി ഗ്രാമങ്ങളിൽ സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ആകർഷിക്കുന്നതിനായി അൽ ഖദ്റ ടീം വരുംവർഷങ്ങളിലും ഈ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സൂപ്പർവൈസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.