മസ്കത്ത്: ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം നടപടികൾ അക്രമത്തിന് ഇന്ധനം നൽകും.
സംഘർഷങ്ങൾ വർധിപ്പിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്യും. ഇത് കൂടുതൽ അസ്ഥിരതയിലേക്കും അശാന്തിയിലേക്കും പ്രദേശത്തെ വലിച്ചിടുമെന്നും മന്ത്രാലയം പറഞ്ഞു.
മേഖലയിലുടനീളം സമാധാനവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രാലയം, ഇസ്രായേൽ നടത്തുന്ന നഗ്നമായ ലംഘനങ്ങൾക്കെതിരെ കടിഞ്ഞാണിടാൻ അന്താഷ്ട്ര സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച ഒമാൻ, ഐക്യരാഷ്ട്രസഭയുടെയും സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും രൂപരേഖ പ്രകാരം, അറബ് സമാധാന സംരംഭത്തിന് അനുസൃതമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമന്നും ആവശ്യപ്പെട്ടു. ഇസ്രായേൽ ശനിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാൻ അറിയിച്ചിട്ടുള്ളത്.
ഇറാനിലെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രാദേശിക സമയം പുലർച്ച 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും ആയിരുന്നു സ്ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.