മത്ര: പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മത്ര മത്സ്യ മാർക്കറ്റില്‍ മീനുകൾ എത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ന്യൂനമർദത്തെതുടർന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം. മാർക്കറ്റിലെ മീൻതട്ടുകളെല്ലാം കാലിയാണ്. ഭക്ഷണത്തിന് മീന്‍ ശീലമുള്ള മലയാളികളാണ് ഏറെ പ്രയാസം നേരിടുന്നത്. മാർക്കറ്റിൽ മീൻ ലഭ്യമല്ല എന്നതറിയാതെ എത്തിയവർ നിരാശയോടെ മടങ്ങി. കാലാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് മാറുംവരെ ഇതേ അവസ്ഥ തുടർന്നേക്കും.
മസ്കത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മത്സ്യപ്രേമികള്‍ ആശ്രയിക്കുന്ന പ്രധാന മാർക്കറ്റാണ് മത്ര. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നല്ല തിരക്കാണ്. മലയാളികളും സ്വദേശികളുമാണ് പ്രധാന ഉപഭോക്താക്കള്‍. വിദേശ ടൂറിസ്റ്റുകളടക്കം ധാരാളം പേർ സന്ദർശിക്കാറുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ സ്വദേശികളാണ് കച്ചവടക്കാർ. മുമ്പ് വിദേശികള്‍ക്കും കച്ചവടാനുമതി ഉണ്ടായിരുന്നു. സ്വദേശിവത്കരണം വന്നതോടെ വിദേശികൾ പുറന്തള്ളപ്പെട്ടു. മത്സ്യം വൃത്തിയാക്കി മുറിച്ചുനല്‍കാനും സൗകര്യമുണ്ട്.
ഒമാന്‍ കടലില്‍നിന്നും അര്‍ധ രാത്രിയിലും വെളുപ്പാന്‍ കാലത്തും പിടിച്ച പലതരം മീനുകൾ പുലര്‍ച്ചതന്നെ ഇവിടെയെത്തും. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ അയലയും മത്തിയുമൊക്കെ പിടക്കുന്നത് കിട്ടണമെങ്കില്‍ രാവിലെ എത്തണം. ബോട്ടില്‍നിന്നും നേരിട്ട് വാങ്ങുകയും ചെയ്യാം. സാധാരണ ഗതിയില്‍ തണുപ്പുകാലത്താണ് മത്സ്യം ധാരാളമായി മാർക്കറ്റില്‍ ലഭ്യമാവുക. മത്സ്യങ്ങളിലെ നക്ഷത്ര ഇനങ്ങളായ അയക്കൂറ, ആവോലിയൊക്കെ തണുപ്പ് സമയം ധാരാളമായി എത്തിയാല്‍ വിലക്കുറവില്‍ ലഭിക്കാറുണ്ടായിരുന്ന കാലമുണ്ടായിരുന്നു.
അന്നൊക്കെ ഓരോന്നും എണ്ണിയാണ് വില്പന നടത്താറ്. ഇന്നത് തൂക്കമായി. അയല, മത്തി ഇവയൊക്കെ യഥേഷ്ടം ലഭിച്ചിരുന്ന കാലം പോയി. കവര്‍ നിറയെ കുറഞ്ഞ ബൈസക്ക് ലഭിക്കുമായിരുന്ന അത്തരം ജനകീയ ഇനങ്ങളും തൂക്കി തന്നെയാണ് ഇപ്പോള്‍ വില്പന. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി മത്ര മത്സ്യ മാർക്കറ്റിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാസങ്ങൾക്കു മുമ്പ് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.