മസ്കത്ത്: ഡിസംബർ മാസമായിട്ടും ഒമാനിൽ കാര്യമായ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടില്ല. എന്നാൽ ഒമാനിലെ ഊട്ടി എന്നറിയപ്പെടുന്ന ജബൽ അഖ്ദർ, സൈക് എന്നിവിടങ്ങളിൽ രാത്രി കാല തണുപ്പ് എട്ട് ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. ഇവിടെ കൂടിയ താപനില 17 ഡിഗ്രി സെൽഷ്യസാണ്. ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഡിസംബർ 23 മുതലാണ് ഒമാനിൽ തണുപ്പു കാലം ആരംഭിക്കുക. ഒമാനിൽ പൊതുവെ മിതമായ തണുപ്പും ചൂടുമുള്ള സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണിത്. ഇതോടെ ജനങ്ങൾ അവധി ദിവസങ്ങളിലും രാത്രികളിൽ പുറത്തിറങ്ങാൻ തുടങ്ങിയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ ഒമാനിൽ കൂടിയ ചൂട് അനുഭവപ്പെടുന്നത് ഫഹൂദ്, അൽ മൂദൈബി, ആദം, ഹൈമ എന്നിവിടങ്ങളിൽ കൂടിയ ചൂട് 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ ചൂട് 19 ഡിഗ്രി സെൽഷ്യസുമാണ്.
മുസന്ദം ഗവർണറേറ്റിലും മറ്റ് തീരപ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. മറ്റ് ഭാഗങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുക. വരും ദിവസങ്ങളിൽ അൽ ബുറൈമി, അൽ ദാഖിറ, തെക്കൻ ശർഖിയ്യ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ രാത്രി വൈകിയും അതിരാവിലെ മൂടൽ മഞ്ഞ് ഉണ്ടാവുകയും ചെയ്യും. ഈ കാലാവസ്ഥ സാധാരണ ഡിസംബറിൽ കണ്ടു വരാറുള്ളതാണ്.
അൽ വുസ്ത, തെക്കൻ ശർഖിയ്യ, ദോഫാർ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. മൂടൽ മഞ്ഞ് ദൂരക്കാഴ്ച കുറക്കാൻ കാരണമാക്കുമെന്നും പുലർകാലങ്ങളിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ജബൽ അഖ്ദറിൽ താപനില കുറഞ്ഞതോടെ കൂടുതൽ വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദേശീയ ദിന അവധിക്കാലത്തും നല്ല തിരക്കാണ് ജബൽ അഖ്ദറിൽ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയാനും മൈനസ് ഡിഗ്രിയിൽ എത്താനും സാധ്യതയുണ്ട്. ഇതോടെ മഞ്ഞ് കട്ടയും ഐസും പ്രത്യക്ഷപ്പെടും. ഈ സീസണിലാണ് കൂടുതൽ വിനോദസഞ്ചാരികൾ ജബൽ അഖ്ദറിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.