മസ്കത്ത്: അന്താരാഷ്ട്ര വിമാനഗതാഗതം കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്കെത്താൻ രണ്ട് വർഷത്തിലേറെ എടുത്തേക്കുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എ.സി.ഐ) ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം 60 ശതമാനംവരെ പഴയ സ്ഥിതിയിലേക്കെത്തുമെന്നാണ് കരുതുന്നതെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ഐമെൻ അൽ ഹൊസ്നി പറഞ്ഞു.
അടുത്ത വർഷം 70-80 ശതമാനം വരെയും 2024-25 മധ്യത്തോടെ 100 ശതമാനവും പഴയ സ്ഥിതിയിലേക്ക് വിമാന ഗതാഗതം മാറുമെന്നും അദ്ദേഹം പറഞ്ഞു. റമദാനിൽ വിമാനഗതാഗതം മന്ദഗതിയിലാകുമെന്ന് കരുതുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ഇത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ആഭ്യന്തര ശൃംഖലയുള്ള രാജ്യങ്ങൾ അന്തർദേശീയ യാത്രക്കാരെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിമാനയാത്രയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ട്. വിമാന സർവിസ് പൂർവസ്ഥിതിയിലേക്ക് മാറുന്നത് എണ്ണവിലയെ ആശ്രയിച്ചിരിക്കുമെന്ന് ഏഷ്യാ പസഫിക്കിന്റെ എ.സി.ഐ ഡയറക്ടർ ജനറൽ സ്റ്റേഫാനോ ബറോൻസി പറഞ്ഞു. എണ്ണ വിലവർധന വരുംദിവസങ്ങളിൽ പണപ്പെരുപ്പ പ്രവണതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാനുള്ള എയർ ബബിൾ കരാർ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ അൽ ഹൊസ്നി സ്വാഗതം ചെയ്തു.
മസ്കത്തിൽ നടന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ വാർഷിക ഡയറക്ടർ ബോർഡ് യോഗത്തിൽ 29 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
എ.സി.ഐയുടെ വാർഷിക വേൾഡ് എയർപോർട്ട് ട്രാഫിക് റിപ്പോർട്ട് അനുസരിച്ച്, 2020ൽ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ വഴി 3.6 ശതകോടി ആളുകളാണ് യാത്ര ചെയ്തത്. 108.5 ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈമാറ്റവും നടന്നു. 61.8 ദശലക്ഷം വിമാന സർവിസുകളുമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.