മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിൽ എയർ ട്രാഫിക്കിൽ 29 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 34.4 ശതമാനം വർധനയും ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 3168 ഫ്ലൈറ്റുകളാണ് സലാല വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലിത് 2455 ഫ്ലൈറ്റുകളായിരുന്നു. സലാല വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 34 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 3,51,109 യാത്രക്കാരായിരുന്നുവെങ്കിൽ ഈ വർഷമിത് 4,71,911 ആയി വർധിച്ചു. നിലവിൽ ജി.സി.സി, കോഴിക്കോട്, കൊച്ചി, പാകിസ്താനിലെ ലാഹോർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് സലാലയിലേക്ക് നേരിട്ട് വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്.
ഖരീഫ് സീസണിനോടനുബന്ധിച്ച് ഇത്തവണ ദോഫാറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണുണ്ടായിരിക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി സീസണിൽ ആഗസ്റ്റ് 15 വരെ എത്തിയ സന്ദർശകരുടെ എണ്ണം 7.39 ലക്ഷമായെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂലൈ 31 വരെ 3.96 ലക്ഷം പേരാണെന്ന് അധികൃതർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റിലാണ് കൂടുതൽ സന്ദർശകർ എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ൽ ഈ കാലയളവിൽ ദോഫാറിലെത്തിയത് 6.36 ലക്ഷം പേരായിരുന്നു. ദേശീയ സ്ഥിതിവിവരകേന്ദ്രമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഖരീഫിനുശേഷം വന്നണയുന്ന ശൈത്യകാലം പ്രയോജനപ്പെടുത്തി വിനോദസഞ്ചാരം സജീവമാക്കാൻ അധികൃതർ ചാർട്ടർ വിമാനം വഴി സഞ്ചാരികളെ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
ദോഫാറിനെ വര്‍ഷം മുഴുവനും വിനോദസഞ്ചാരകേന്ദ്രമായി മാറ്റുന്നതിനുള്ള പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ക്രൂസ് കപ്പലുകളും ആകര്‍ഷിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വർഷം ഖരീഫിനായി ദോഫാർ ഗവർണറേറ്റിൽ വിദേശ-സ്വദേശി വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.