മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ 2679 ൈഫ്ലറ്റുകളാണ് സലാലയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് സലാല എയർപോർട്ടിൽ ഇത്രയും വിമാനങ്ങൾ എത്തുക. ഇതിൽ 1456 ആഭ്യന്തര വിമാനങ്ങളും 1223 അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകുന്നതുപോലെ സലാല എയർപോർട്ടിന് ഇന്ധനവിലയിൽ നേരിട്ട് സബ്സിഡി നൽകണമെന്ന് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശിച്ചിരിന്നു. ഇത് ദോഫാർ ഗവർണറേറ്റിലെ യാത്രയും വിനോദസഞ്ചാരവും പുനരുജ്ജീവിപ്പിക്കാനുള്ള സുൽത്താന്റെ തീക്ഷ്ണതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഒമാൻ എയർപോർട്ട് കമ്പനി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് എൻജിനീയർ സക്കരിയ ബിൻ യഅ്ക്കൂബ് അൽ ഹറാസി പറഞ്ഞു.
സുൽത്താന്റെ നിർദേശത്തോടെ സലാലയിലേക്കുള്ള വിമാന ഗതാഗതം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓപറേറ്റർമാർക്കു പുറമെ മറ്റ് എയർലൈനുകളും സർവിസ് കൂട്ടാൻ സാധ്യതയുണ്ട്. ഈ വർഷത്തെ സീസണിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് സലാല വിമാനത്താവളം ഒരുങ്ങുന്നുണ്ടെന്ന് അൽ ഹരാസി ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽനിന്നും നഗരങ്ങളിൽനിന്നുമായി 1077 വിമാനങ്ങൾ നേരിട്ട് സലാലയിലെത്തും.
അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് സലാലയിലേക്ക് 536 വിമാനങ്ങളാണ് സർവിസ് നടത്തുക. ഇതിൽ അബൂദബിയിൽനിന്ന് വിസ് എയർ 87, എയർ അറേബ്യ 93, ഷാർജയിൽനിന്ന് 175, ദുബൈ വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബൈ 181 വിമാനങ്ങളും സലാലയിലേക്ക് പറത്തും. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽനിന്ന് സൗദി ഫ്ലൈനാസ് 188 വിമാനങ്ങൾ, ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസ് 270 വിമാനങ്ങൾ, കുവൈത്തിലെ കുവൈത്ത് എയർപോർട്ടിൽനിന്ന് കുവൈത്ത് ജസീറ എയർവസ്സ് 57, കുവൈത്ത് എയർവേസ് 26 വിമാനങ്ങളും സലാലയിലേക്ക് സർവിസ് നടത്തും.ഇതിനു പുറമെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 40, പാകിസ്താൻ എയറിന്റെ 54 വിമാനങ്ങളും സലാലക്ക് ലഭിക്കും. ഇതിനുപുറമെ ദേശീയ വിമാനക്കമ്പനിയായ ‘ഒമാൻ എയർ, ബജറ്റ് വിമാനമായ സലാം എയറും സലാലയിലേക്ക് സർവിസ് നടത്തുന്നുണ്ടെന്ന് സലാല എയർപോർട്ടിലെ ഒമാൻ എയർപോർട്ട് കമ്പനി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പറഞ്ഞു.
മുന്നൊരുക്കങ്ങൾ വിലയിരുത്തി
മസ്കത്ത്: ഖരീഫ് സീസണിലെ തയാറെടുപ്പുകൾ വിലയിരുത്താൻ ദോഫാർ ഗവർണറുടെ ഓഫിസ് കഴിഞ്ഞ ദിവസം എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചു. ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ സീസണിൽ സേവനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ തയാറെടുപ്പ് വിലയിരുത്തി.
സലാല എയർപോർട്ടിൽ ഇന്ധനവിലയിൽ നേരിട്ട് സബ്സിഡി നൽകാനും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധനവില തുല്യമാക്കാനുമുള്ള സുൽത്താന്റെ നിർദേശങ്ങൾക്ക് മർവാൻ നന്ദി അറിയിച്ചു. ഇത് സലാല വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളെ പ്രോത്സാഹിപ്പിക്കും. ഗവർണറേറ്റിലെ ടൂറിസവും സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ഖരീഫ് സീസണിലെ പദ്ധതികൾ വിശദീകരിച്ചു. സലാല വിമാനത്താവളത്തിന്റെ ഒരുക്കം, ട്രാഫിക്, എയർ ട്രാഫിക് സുരക്ഷ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങളും പദ്ധതികളും, ചെക്ക്പോസ്റ്റുകൾ, മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും യോഗം വിശകലനം ചെയ്തു.
പ്രതിദിനം 12 സർവിസുകളുമായി ഒമാൻ എയർ
മസ്കത്ത്: ഖരീഫ് സീസണിൽ സലാലയിലേക്ക് സർവിസ് വർധിപ്പിച്ച് ഒമാൻ എയർ. പുതുതായി ചേർക്കപ്പെട്ട എട്ടെണ്ണമുൾപ്പെടെ പ്രതിദിനം 12 സർവിസുകളായിരിക്കും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഒമാൻ എയർ നടത്തുക. ഈ വർഷത്തെ ഖരീഫ് സീസണിനെ വരവേൽക്കാൻ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഒമാൻ എയർപോർട്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.