മസ്കത്ത്: ഖരീഫ് സീസണിന്‍റെ ഭാഗമായെത്തുന്ന സഞ്ചാരികളെ വാദി ദർബത്തിന്റെ പച്ചപ്പ് നിറഞ്ഞ തീരത്തെ മനോഹരമായ കോട്ടേജുകൾ ആകർഷിക്കുന്നു. സീസൺ തൂടങ്ങിയതോടെ ഇവിടങ്ങളിലേക്ക് നിരവധി സന്ദർശകരാണ് എത്തുന്നത്. വാദിദർബാത്തിന്‍റെ പച്ചപ്പ് മിഴിനിറയെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് കുടിലുകൾ നിർമിച്ചിരിക്കുന്നത്. ഈ താമസ സൗകര്യം ചിലപ്പോൾ പൂർണമായും ബുക്കിങ്ങ് പൂർത്തിയാകാറുണ്ടെന്ന് കമ്പനി സ്ഥാപകൻ സഈദ് അൽ മഷാനി പറഞ്ഞു.
തടികൾ കൊണ്ടാണ് കൂടിലുകൾ ഒരുക്കിയിരിക്കുന്നത്. നിരവധി കുടുംബങ്ങൾ പിക്‌നിക്കിനും ഹ്രസ്വ ഒത്തുചേരലിനും ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. പ്രവർത്തന ചിലവിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് റിയാലിനും ആറിനും ഇയിലാണ് കുടിലുകൾക്കായി ഈടാക്കുന്നത്. പദ്ധതിയിൽനിന്ന് കാര്യമായി ലാഭമൊന്നും കിട്ടാറില്ലെങ്കിലും സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള ഇത്തരം പദ്ധതിയിൽ സന്തുഷ്ടനാണെന്ന് അൽ മഷാനി പറഞ്ഞു.
സാമഗ്രികളുടെ ഉയർന്ന വില, തൊഴിലാളികളുടെ വലിയ നിരക്കിലുള്ള കൂലി, ചില സർക്കാർ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയവ പദ്ധതി നടപ്പാക്കുമ്പോൾ താൻ നേരിട്ട ചില ബുദ്ധിമുട്ടുകളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ആവശ്യമായ ചില നടപടിക്രമങ്ങൾ ലളിതമാക്കാൻ സഹായിച്ചതിന് ദോഫാർ മുനിസിപ്പാലിറ്റിക്ക് നന്ദി പറയുകയാണ്. വരും വർഷങ്ങളിൽ പദ്ധതിയിൽനിന്ന് കൂടുതൽ വരുമാനം നേടാന കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഖരീഫ് സമയത്ത് മാത്രമാണ് കോട്ടേജുകൾക്കായി അനുമതികൊടുത്തിരികുന്നത്. ഇത് പ്രധാന വെല്ലുവിളിയാണ്. എന്നാൽ, യുവാക്കൾക്ക് പൊതുവെ താൽപ്പര്യമുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലും ഖരീഫിന് ശേഷവും സൈറ്റിൽ നിക്ഷേപം നടത്താൻ അധികാരികൾ അനുവദിക്കണമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഖരീഫ് സീസൺ അവസാനിച്ച ശേഷം കോട്ടേജുകൾ പൊളിക്കുന്നതിന് അധികൃതരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. പൂർണ സുരക്ഷിതത്വമാണ് കോട്ടേജുകൾ വാഗ്ദാനം ചെയ്യുന്നത്. അടിയന്തര സാഹചര്യത്തിൽ ദോഫാർ മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ലഭ്യമാണ്. വാദിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും സംരക്ഷിക്കാനും കുടിലിനകത്തും പുറത്തുമായി തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.