മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാർ എത്തുന്നവരും കൂടെയുള്ളവരും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ബോധവത്കരണ നടപടികളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). ഇതിന്റെ ഭാഗമായി സി.ഡി.എ.എ അറബിയിലും ഇംഗ്ലീഷിലുമുള്ള ബോധവത്കരണം ഉൾപ്പെടുത്തിയ ബുക്ക്ലെറ്റ് പുറത്തിറക്കി. യാത്രയിലും മുന്നൊരുക്കങ്ങളിലുമൊക്കെ സൂക്ഷിക്കേണ്ട വിവരങ്ങൾ ബുക്ക്ലെറ്റിലുണ്ട്.
യാത്ര തുടങ്ങുന്നതിനുമുമ്പ് വേണ്ട അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങളുടെ സുരക്ഷാപരിശോധന ഉറപ്പുവരുത്തണം. നിർദേശിച്ച ഭാരങ്ങൾ മാത്രമേ വാഹനങ്ങൾ വഹിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. സ്ട്രെച്ച് റോപ്, വെള്ളം, ലാംബ്, ചാർജർ, മൊബൈൽ ഫോൺ തുടങ്ങിയവ വാഹനത്തിൽ കരുതേണ്ടതാണ്. മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും അടങ്ങിയ ഒരു പ്രഥമശുശ്രൂഷ കിറ്റ് സൂക്ഷിക്കുകയും വേണം. സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന അഗ്നിശമന ഉപകരണവും വാഹനത്തിൽ കരുതേണ്ടതാണ്. ഇതു പ്രവർത്തിപ്പിക്കാൻ പരിശീലനം നേടുകയും വേണം.
അനാവശ്യ ഉപകരണങ്ങളിൽനിന്ന് വൈദ്യുതിപ്രവാഹം വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എയർഫ്രെഷനറുകളും മറ്റും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത തരത്തിൽ സൂക്ഷിക്കുക. അമിതമായി എൻജിൻ ചൂടാകുന്നത് തടയാൻ ഇടക്ക് വാഹനം നിർത്തുക. ഇന്ധനം നിറക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം, വാഹനത്തിനുള്ളിൽ പുകവലിക്കരുത്. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കണം. വാഹനമോടിക്കുമ്പോൾ വേഗം കുറക്കുകയും സുരക്ഷാമുൻകരുതലുകൾ പാലിക്കുകയും ചെയ്യുക. സേഫ്റ്റി ബെൽറ്റ് ധരിക്കുകയും കുട്ടികളെ അവർക്കായി നിശ്ചയിച്ചിട്ടുള്ള സുരക്ഷാസീറ്റിൽ ഇരുത്തുകയും ചെയ്യുക.
ദോഫാർ ഗവർണറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സർവ സുരക്ഷയും നൽകാൻ ഡി.ഡി.എ.എ സുസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സീസൺ തുടങ്ങിയതോടെ ദോഫാറിലേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം കൂടുതൽ ആളുകളും കരമാർഗമാണ് എത്തിയതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നുണ്ട്. സീസൺ ആരംഭിച്ചതോടെ ഈ വർഷവും സലാല റൂട്ടിൽ അപകടങ്ങൾ വർധിച്ചിട്ടുണ്ട്. എട്ടിനു മുകളിൽ ജീവൻ ഇതുവരെ പൊലിയുകയും ചെയ്തു. റോഡ് മാർഗം യാത്ര ചെയ്യുന്നവർ സുരക്ഷാമാനദണ്ഡങ്ങളും അധികൃതരുടെ നിർദേശങ്ങളും പാലിക്കുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് റോഡ് സുരക്ഷ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.